05 December, 2024 12:14:56 PM


ശ്രമങ്ങൾ വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു



തൃശ്ശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ആന ചരിഞ്ഞു. പാലിപ്പിള്ളി എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. രാവിലെ എട്ടുമണിയോടെയാണ് നാട്ടുകാർ ആനയെ സെപ്റ്റിക് ടാങ്കില്‍ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. ജെസിബി ഉപയോഗിച്ച്‌ കല്ലും മണ്ണുമൊക്കെ മാറ്റിയിരുന്നു. എന്നാല്‍ പതിനൊന്നരയോടെ അനയുടെ അനക്കം നിലച്ചു. വനംവകുപ്പ് ഡോക്‌ടർമാരുടെ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇനി പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. രാത്രിയില്‍ ഈ ഭാഗത്തെത്തിയ കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്ബൻ ആളൊഴിഞ്ഞ് കിടന്ന വീടിന് തൊട്ടടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K