11 December, 2024 02:59:47 PM


തൃശൂരില്‍ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം



തൃശൂര്‍: തൃശൂർ ഊരകത്ത് ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം. ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. മുൻവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ഗ്യാസ് ഏജൻസി ജീവനക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാളെ ഇടിച്ചിട്ടാണ് കാർ റിസപ്‌ഷൻ എരിയയിലേക്ക് കയറിയത്. ഇയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഹോട്ടലിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന് മുന്നിൽ നിന്നും വേഗതകുറച്ച് കാര്‍ തിരിക്കുന്നതും ഇതിനിടയിൽ നിയന്ത്രണം നഷ്ടമായി ഹോട്ടലിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാര്‍ തിരിയുന്നതിനിടെയാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരനെ തട്ടിയിട്ടശേഷമാണ് കാര്‍ ഹോട്ടലിന് അകത്തേക്ക് ഇടിച്ചുകയറിയത്. ഇതിന് പിന്നാലെ സ്ഥലത്ത് വലിയ രീതിയിൽ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇലക്ട്രിക് കാറാണ് അപകടത്തിൽപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K