19 February, 2025 09:09:50 PM


മൂന്നാര്‍ എക്കോ പോയിന്‍റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മരണം മൂന്നായി



ഇടുക്കി: മൂന്നാര്‍ എക്കോ പോയിന്‍റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇന്നലെ വൈകിട്ടാണ് മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി യാത്രതിരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K