22 February, 2025 08:00:02 PM
കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്. അപകടത്തിന് കാരണം അശാസ്ത്രീയമായ റോഡ് നിർമ്മാണമാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. റോഡിന്റെ ഒരു ഭാഗത്ത് ടാറും ഒരു ഭാഗത്ത് ഇന്റർലോക്ക് കട്ടയും പതിച്ചിരിക്കുകയാണ്. ഇതിന് രണ്ടിനും ഇടയിൽ ഉയര വ്യത്യാസമുണ്ട്. ഇവിടെ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവതി കാറിനടിയിലാണ് ചെന്നുപെട്ടത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ബുഷറ ബീവിയുടെ മരണം സംഭവിച്ചിരുന്നു. ഈ സ്ഥലത്ത് ഇതിന് മുമ്പും വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടം സംഭവിച്ച സ്ഥലം ഇറക്കമാണ്. കൂടാതെ വളവുമാണ്. ഇവിടെ ഇന്റർലോക്കും റോഡും തമ്മിൽ ഉയരവ്യത്യാസമുണ്ട്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാറുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് മൃതദേഹമുളളത്.