20 February, 2025 12:37:28 PM
മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്

ഇടുക്കി: മൂന്നാർ എക്കോ പോയിന്റിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാഗർകോവിൽ സ്വദേശി വിനേഷിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തത്. ബുധനാഴ്ചയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചിരുന്നു.
ബസ് ഡ്രൈവറായ വിനേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നാഗർകോവിൽ സ്കോട്ട് കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സുതൻ രാജക്കാട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
37 വിദ്യാർഥികൾ, മൂന്ന് അധ്യാപികർ, അധ്യാപികയുടെ ഒരു കുട്ടി എന്നിവരാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റ 19 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.