21 February, 2025 08:27:25 PM


എറണാകുളം ആര്‍ടിഒയെ സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്



കൊച്ചി: അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കൈക്കൂലിയും മദ്യവും വാങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. ആര്‍ടിഒ ജേഴ്‌സണെ സസ്‌പെന്‍ഡ് ചെയ്ത് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് ജേഴ്‌സണ്‍ പിടിയിലായത്.

പരാതിക്കാരന്‍റെ അപേക്ഷയില്‍ മൂന്ന് ദിവസത്തേക്ക് താത്ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കിയെങ്കിലും പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ജേഴ്സണിന്റെ ഏജന്റുമാരായ രാമ പടിയാര്‍, സജി എന്നിവര്‍ രംഗത്തെത്തി. ഇതോടെ ചെല്ലാനം സ്വദേശി വിജിലന്‍സിനെ വിവരം അറിയിക്കുകയും ജേഴ്സണ്‍ അറസ്റ്റിലാവുകയുമായിരുന്നു.

വിജിലന്‍സ് അന്വേഷണത്തില്‍ ജേഴ്‌സണിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലായി 84 ലക്ഷം രൂപയുള്ളതായും കണ്ടെത്തിയിരുന്നു. ജേഴ്‌സണിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിലും കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K