09 April, 2025 02:11:49 PM


പാലക്കാട് തേൻ എടുക്കാൻ പോയ യുവാവിന് വെള്ളച്ചാട്ടത്തിൽ വീണ് ദാരുണാന്ത്യം



പാലക്കാട്: പാലക്കാട് പാലക്കയം കരിമലയിൽ തേൻ എടുക്കാൻ പോയി വനത്തിലെ വെള്ളച്ചാട്ടത്തിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരിവാര ഉന്നതിയിലെ മണികണ്ഠൻ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പായിരുന്നു മണികണ്ഠനും എട്ട് സുഹൃത്തുക്കളും ചേർന്ന് വനത്തിനകത്ത് തേൻ എടുക്കാൻ പോയത്.

മലയോരത്ത് ഇതിനായി ക്യാംപ് ചെയ്യുകയായിരുന്നു ഇവർ. വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ പറയിടുക്കിൽ താമസിച്ചു തേനെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. രാത്രിയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞത്.

തുടർന്ന് ശബ്ദം കേട്ട് കൂടെ ഉണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് വിവരമറിയിച്ചതിനെത്തുടർന്നു മണ്ണാർക്കാട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അവർക്കും കണ്ടെത്താനായില്ല. തുടർന്ന് പാലക്കാട്ടു നിന്നു സ്‌കൂബാ സംഘം എത്തി തിരച്ചിൽ നടത്തുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്.  ചെരിപ്പ് വെള്ളത്തിൽ നിന്നു ലഭിച്ചു. ടോർച്ച് സമീപത്തെ വെള്ളക്കുഴിയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K