11 April, 2025 06:24:05 PM


ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും; പാലക്കാട്‌ ജില്ലയില്‍ മോക് എക്‌സസൈസ് നടന്നു



പാലക്കാട്‌ : ചുഴലിക്കാറ്റ് മറ്റ് അനുബന്ധ പ്രകൃതി ദുരന്തങ്ങളെ നേരിടാനും നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലയില്‍ മോക് ഡ്രില്‍ നടന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് നടത്തിയ മോക്ഡ്രില്ലില്‍ ജില്ലാതല/ താലൂക്ക് തല ഇന്‍സിഡെന്റ് റെസ്‌പോണ്‍ സിസ്റ്റംസും (ഐ ആര്‍ ടി ) പുതുശ്ശേരി, എരുത്തേമ്പതി എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പങ്കാളികളായി.

രാവിലെ എട്ടുമണിയോടെ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നുള്ള അറിയിപ്പ് ലഭിച്ചു. ചുഴലിക്കാറ്റ് രാവിലെ പത്തിനും 11 നും ഇടയില്‍ നിലം തൊടുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ എ ഡി എം കെ. മണികണ്ഠന്റെ നേതൃത്വത്തില്‍
രാവിലെ ഒന്‍പത് മുതല്‍ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ടീമിന് നല്‍കുകയും ചെയ്തു. മോക് ഡ്രില്ല് വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ഇത്തവണ ഉണ്ടായ പോരായ്മകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് ചിറ്റൂര്‍ താലൂക്ക് കോഴിപതി വില്ലേജില്‍ വണ്ണമട ജി ബി എച്ച് എസ് എസിലും ചുള്ളിമട ജി എല്‍ പി സ്‌കൂളിലും ക്യാമ്പുകള്‍ തുറന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചതായി അറിയിപ്പ് ലഭിച്ചു.

ജില്ലയിലെ ഡാമുകള്‍ നിറയാനും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാലും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന  ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലകളില്‍ ഉള്‍പ്പടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ചിറ്റൂര്‍ വണ്ണാമട എം കെ ഗ്യാസ് ടെക് ല്‍ എല്‍ പി ജി  പൈപ്പ് ലൈനിലും,
 കഞ്ചിക്കോട് എച്ച് പി സി എല്‍  ല്‍ ടാങ്കര്‍ ലോറിയില്‍ മരം വീണും എല്‍പിജി ലീക്കേജ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുള്ള അപകടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളുമായിരുന്നു മോക് ഡ്രില്ലില്‍ പ്രധാനമായും ആവിഷ്‌ക്കരിച്ചത്. ഗ്യാസ് പടര്‍ന്നതിനെ തുടര്‍ന്ന് പരിസര വാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ വരെ ആശുപത്രികളില്‍ എത്തിച്ച് ആവശ്യമായ വൈദ്യ സഹായം നല്‍കുകയും, ഒടിഞ്ഞു വീണ മരവും ടാങ്കര്‍ ലോറിയും നീക്കം ചെയ്യുന്നതും മോക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജനങ്ങള്‍ മോക് ഡ്രില്ലിനെ തുടര്‍ന്ന് സൈറണ്‍ , അബുലന്‍സ്, ഫയര്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്ട് പരിഭ്രാന്തരാകാതിരിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റും എര്‍പ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി ഇന്‍സിഡെന്‍് കമാന്‍ഡറായ
ജില്ലാ പ്ലാനിങ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) പി. ആര്‍ രത്‌നേഷ് , പോലീസ്, ഫയര്‍ ഫോഴ്‌സ്, ഡി ഇ ഒ സി , എന്‍ ഡി ആര്‍ എഫ്, ഹെല്‍ത്ത്, ട്രാന്‍സ്‌പോര്‍ട്ട് എന്നീ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും, വൊളന്റിയര്‍മാരും മോക് ഡ്രില്ലില്‍ പങ്കാളികളായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939