22 April, 2025 09:49:17 AM
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു ഇരുവരും. രണ്ട് പേരുടെയും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പോയത് ക്ഷേത്ര ദർശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഇരുവരും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വീട്ടില്‍ നിന്ന് പോയത്. വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എത്തിയെന്ന് കണ്ടെത്തി. ബസ് ഡ്രൈവറോട് തിരുപ്പതിക്ക് എപ്പോഴാണ് ബസെന്ന് അന്വേഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് തന്നെ ഇരുവരും പാലക്കാട് നിന്ന് ബസ് കയറി. കോയമ്പത്തൂരിലേക്കാണോ മധുരയിലേക്കാണോ എന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്.