16 April, 2025 04:05:21 PM
വിളിച്ചിട്ട് വന്നില്ല; തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

ഇടുക്കി: തൊടുപുഴയിൽ വിളിച്ചിട്ട് വരാത്തതിൽ ക്ഷുഭിതനായ ഉടമ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിലുപേക്ഷിച്ച വളർത്തുനായ ചത്തു. നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണുണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ. ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്.
വിളിച്ചിട്ട് വന്നില്ലെന്ന കാരണത്താലാണ് നായയെ പരിക്കേൽപ്പിച്ചത്. നായയുടെ ദേഹമാസകലം വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. തലയിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അവശനിലയിൽ നായയെ കണ്ടെത്തുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങളായ കീർത്തിദാസ്, മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു. ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.