16 April, 2025 08:41:26 PM


പി ജി മനുവിന്റെ ആത്മഹത്യ: പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍



കൊച്ചി: പീഡനക്കേസ് പ്രതിയായ മുന്‍ ഗവ.പ്ലീഡര്‍ പി ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ മനുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നിരന്തര പ്രേരണമൂലമാണ് പി ജി മനു ജീവനൊടുക്കിയതെന്നാണ് സംശയം. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി ജി മനു. ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി ജി മനുവും ഭാര്യയും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി ജി മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

അതേസമയം, യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടതായി വിവരങ്ങളില്ല. ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമായിട്ടില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K