17 April, 2025 11:23:27 AM


ലഹരി പരിശോധന; ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി



കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. നേരത്തെ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട ഷൈന്‍ ടോം ചാക്കോ അടുത്തിടെയാണ് കുറ്റവിമുക്തനാക്കപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K