19 April, 2025 04:32:13 PM


പഴയ സുഹൃത്തിനെ കണ്ടു; ഒന്നിച്ച് ജീവിക്കാൻ മക്കൾ തടസം, തൈരിൽ വിഷംകലർത്തി മക്കളെ കൊന്ന് അമ്മ



തെലങ്കാന: തെലങ്കാനയിലെ സങ്കറെഢിയിൽ സ്കൂൾ പഠനകാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് വിഷം നല്‍കി കൊന്ന് അമ്മ. രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് സ്വന്തം മക്കളോട് ഈ കൊടുംക്രൂരത ചെയ്തത്. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമായതോടെയാണ് അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് നൽകുന്ന വിവരം. മക്കളായ സായ് കൃഷ്ണ,മധുപ്രിയ, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്.

മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. നിലവില്‍ ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബജീവിതത്തില്‍ രജിത സന്തോഷവതി ആയിരുന്നില്ല എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇതിനിടെ രജിത കുറച്ച് നാൾ മുൻപ് സ്കൂളിലെ പൂര്‍വ വിദ്യാ‍ർത്ഥി സംഗമത്തിന് പോയിരുന്നു. അവിടെ വെച്ച് തൻ്റെ പഴയ കൂട്ടുകാരനെ രജിത കണ്ട് മുട്ടുകയായിരുന്നു. ഇതിനുശേഷം ഇരുവരും തമ്മില്‍ സൗഹൃദം ബലപ്പെട്ടു. അത് വൈകാതെ പ്രണയത്തിലേക്ക് വഴിമാറി.

കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹം രജിതയില്‍ ശക്തമായി. അതിന് തടസ്സമായി മുന്നിലുണ്ടായിരുന്നത് മക്കളായിരുന്നു. പ്രണയബന്ധം ശക്തമായതോടെ മക്കളെക്കൊല്ലാൻ രജിത തയ്യാറാവുകയായിരുന്നു. സംഭവ ദിവസം രാത്രി അത്താഴത്തിന് മക്കൾക്ക് രജിത തൈരിൽ വിഷം കലർത്തി നൽകി. ഭക്ഷണം കഴിച്ച ഉടൻ തന്നെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇതേസമയം രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു.

തുട‍ർന്ന് ജോലി കഴിഞ്ഞെത്തിയ ഭ‍‍ർത്താവ് കാണുന്നത് മരിച്ച് കിടക്കുന്ന കുട്ടികളെയാണ്. വയറു വേദനിക്കുന്നുവെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെക്കൂട്ടി ആശുപത്രിയിലെത്തി. ആദ്യഘട്ടത്തിൽ അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് ചെന്നയ്യയെ സംശയിച്ചിരുന്നു. എന്നാൽ ഇരുവരേയും ചോദ്യം ചെയ്തപ്പോൾ പൊലീസ് രജിതയിലേക്ക് എത്തിച്ചേരുകയായിരുന്നു. കേസിലെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K