01 February, 2024 03:19:57 PM
വണ്ടിപ്പെരിയാര്‍ കേസ് നിയമസഭയില്‍; പ്രതിയെ വെറുതെ വിട്ട വിധി നിര്‍ഭാഗ്യകരം- പിണറായി വിജയന്‍
തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ കേസ് നിയമസഭയില്‍. കേസിൽ പ്രതിയെ വെറുതെ വിട്ട വിധി നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സണ്ണി ജോസഫ് എം.എല്‍.എയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടര്‍ന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയെ സഹായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കുറ്റം തെളിയിക്കാനുള്ള എല്ലാ സാധ്യതകളും ആദ്യ ദിവസം മുതല്‍ അടച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് സഹായിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു.