15 March, 2024 01:15:02 PM
വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പ എടുത്തു; പൊലീസുകാരനായ പ്രതിയെ സസ്പെൻഡ് ചെയ്തു
ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
2017 ലാണ് അജീഷ് 20 ലക്ഷം രൂപ പൊലീസ് സഹകരണ സംഘത്തിൽ നിന്നും വായ്പയെടുക്കുന്നത്. നാലുപേരുടെ ജാമ്യത്തിൽ ആയിരുന്നു വായ്പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു കെ കെ സിജുവിന്റെ പരാതി. എസ് പി ഓഫീസിലെ അക്കൗണ്ടൻറ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റ് ആണ് ജാമ്യത്തിനായി നൽകിയിരുന്നത്. ഇത്തരത്തിൽ ഒരു സാലറി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു പരാതിയിൽ പറഞ്ഞിരുന്നു. ഈ സാലറി സർട്ടിഫിക്കറ്റിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചത്.
അജീഷ് വായ്പ തരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. സിജു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷിനൊപ്പം അഞ്ചുപേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തട്ടിപ്പിൽ ഇവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.