04 April, 2024 12:17:52 PM
മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ(76) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂരിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്‍റെ ഉയരമെങ്കിലും വിസ്മയിപ്പിക്കുന്ന സ്മാഷുകളായിരുന്നു അദ്ദേഹത്തിന്‍റേത്.
കരിമ്പാടം സ്‌പോര്‍ട്ടിങ് സ്റ്റാര്‍ ക്ലബിലൂടെയാണ് സത്യന്‍ കളി പഠിച്ചത്. 1970 മുതല്‍ 1980 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്ത സത്യന്‍ ആര്‍മി സപ്ലൈ കോറിനു മിന്നുന്ന ജയങ്ങള്‍ സമ്മാനിച്ചു. എച്‌എംടി, പ്രീമിയര്‍ ടയേഴ്‌സ്, സര്‍വീസസ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
കുറച്ചു കാലമായി ദാരിദ്ര്യത്തിലായിരുന്നു ജീവിതം. സൈന്യത്തിൽ നിന്നു വിടുതൽ വാങ്ങി പോന്നതിനാൽ പെൻഷൻ ലഭിച്ചില്ല. മറ്റു വരുമാനങ്ങളും ഉണ്ടായിരുന്നില്ല. പ്രളയത്തിൽ സത്യന്റെ വീട് തകർന്നിരുന്നു. പിന്നീട് വോളിബോൾ പ്രേമികളും താരങ്ങളും പരിശീലകരും ചേർന്നു രൂപീകരിച്ച കൂട്ടായ്മ സത്യനു വീട് നിർമിച്ചു നൽകി.
മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കാരം. ഭാര്യ: പരേതയായ സുമം. മകൾ: ലിബി.