05 April, 2024 10:37:46 AM
പന്ത്രണ്ടാം ക്ലാസ് ചരിത്രപാഠ പുസ്തകത്തിൽ നിന്ന് 'ആര്യന്മാരുടെ കുടിയേറ്റം' വെട്ടിമാറ്റി എൻ.സി.ആർ.ടി.ഇ.
ന്യൂഡൽഹി: ഏഴുമുതൽ 12 വരെ ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകങ്ങളിൽ വെട്ടിമാറ്റലും കൂട്ടിച്ചേർക്കലുമായി എൻ.സി.ഇ.ആർ.ടി.ഇ. ഹാരപ്പൻ സംസ്കാരത്തിന്റെ ഉദ്‌ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാർമാരുടെ ചരിത്രം എന്നിവ പരാമർശിക്കുന്ന പാഠഭാഗങ്ങളിലാണ് വെട്ടിമാറ്റൽ. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് സുപ്രധാന കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലും. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സി.ബി.എസ്.സിക്ക് കൈമാറി.
പന്ത്രണ്ടാം ക്ലാസിലെ 'തീംസ് ഇൻ ഇന്ത്യ ഹിസ്റ്ററി പാർട്ട് -ഒന്ന്' എന്ന ചരിത്ര പാഠപുസ്തകത്തിൽ, ഹാരപ്പൻ സംസ്‌കാരത്തിന്റെ ഉദ്‌ഭവത്തെയും പതനത്തെയും കുറിച്ചുള്ള അധ്യായത്തിലാണ് (ബ്രിക്സ്, ബീഡ്സ് ആൻഡ് ബോൺസ്) കാതലായമാറ്റം. ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറൻ മേഖലയിൽ പശ്ചിമ ഉത്തർപ്രദേശിൽ തുടങ്ങി അഫ്ഗാനിസ്താൻ വരെയുള്ള സിന്ധുനദീതടത്തിലുണ്ടായിരുന്ന ഹാരപ്പന്മാർ തദ്ദേശീയരാണ്, ഇവർ ജനാധിപത്യസമ്പ്രദായം പിന്തുടർന്നിരുന്നു തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയത്. ഹരിയാണയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗഡിയിലെ പുരാവസ്തു സ്രോതസ്സുകളിൽനിന്ന് ലഭിച്ച പുരാതന ഡി.എൻ.എയുടെ സമീപകാല പഠനങ്ങളാണ് ഇതിന് ആധാരമായുള്ള തെളിവായി എൻ.സി.ഇ.ആർ.ടി. നിരത്തുന്നത്.
'ഹാരപ്പൻ സംസ്കാരത്തിന്റെ ജനിതക വേരുകൾ ബി.സി 10,000 മുതലുള്ളതാണ്. ഹാരപ്പന്മാരുടെ ഡി.എൻ.എ. ഇന്നും നിലനിൽക്കുന്നുണ്ട്. ദക്ഷിണേഷ്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും അവരുടെ പിൻഗാമികളാണ്. ഹാരപ്പൻ സംസ്കാരത്തിലുള്ളവർ ഇറാനിലേക്കും മധ്യേഷ്യയിലേക്കും നീങ്ങാൻ തുടങ്ങിയതോടെ, അവരുടെ ജീനുകളും ക്രമേണ ആ പ്രദേശങ്ങളിൽ വ്യാപിച്ചു. എന്നാൽ, ഇന്ത്യക്കാരുടെ ജനിതക ചരിത്രം തകർക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനാൽ ആര്യന്മാരുടെ കുടിയേറ്റം ഇന്ത്യയിലേക്ക് ഉണ്ടായിട്ടുണ്ടോയെന്നത് കൂടുതൽ പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.' എന്നിവയാണ് പാഠപുസ്തത്തിൽ ഉൾപ്പെടുത്തിയത്.