08 June, 2024 12:53:55 PM
നീറ്റിൽ ക്രമക്കേട് കണ്ടെത്തിയാൽ പരീക്ഷ റദ്ദാക്കും; സി.ബി.ഐ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി മാർക്ക് വിവാദത്തിൽ ചോദ്യ പേപ്പർ ചോർന്നോ എന്നതിലടക്കം സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ കേസെടുക്കും. പരീക്ഷ റദ്ദാക്കേണ്ടിയും വന്നേക്കും. 67 പേർക്ക് മുഴുവൻ മാർക്ക് (720) ലഭിച്ചതിൽ ഉൾപ്പെടെ വൻ വിമർശനമുയർന്നതോടെ നാഷണൽ മെഡിക്കൽ കമ്മിഷന്റെ ആവശ്യ പ്രകാരമാണ് അന്വേഷണം. കമ്മിഷനും അന്വേഷണം നടത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് മുഴുവൻ മാർക്കോടെ ഇത്രയും പേർ ഒന്നാംറാങ്ക് നേടുന്നത്.
കേരളത്തിൽ നിന്ന് നാലും തമിഴ്‌നാട്ടിൽ എട്ടും രാജസ്ഥാനിലെ കോട്ടയിൽ ഒരു കോച്ചിങ് സെന്ററിൽ പഠിച്ച പത്ത് പേർക്കും ഉൾപ്പെടെ ഒന്നാം റാങ്കുണ്ട്. ആറ് പേർ ഹരിയാനയിൽ നിന്നുള്ളവരും ഒരേ സെന്ററിൽ ഒരേ ഹാളിൽ അടുത്തടുത്ത സീറ്റ് നമ്പർ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020 ൽ രണ്ട്, 2021 ൽ മൂന്ന്, 2023 ൽ രണ്ട് പേർക്കുമായിരുന്നു 715 മാർക്കോടെ ഒന്നാം റാങ്ക്. ഇക്കുറി കേരളത്തിൽ 700 ലേറെ മാർക്കുള്ള മുന്നൂറോളം പേരുണ്ട്. 675-700 നുമിടയിൽ രണ്ടായിരം പേർ. 650 ലേറെ മാർക്കുള്ള മൂവായിരം പേർ.
കൂടുതൽ റാങ്കുകാർ വന്നത് അസ്വാഭാവികമാണെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും കാട്ടി നിരവധി പരാതികൾ കമ്മിഷന് ലഭിച്ചു. ഇവ സി.ബി.ഐയ്ക്ക് കൈമാറും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻ.ടി.എ) പരീക്ഷ നടത്തുന്നതെങ്കിലും മെഡിക്കൽ കമ്മിഷന്റെ അനുമതിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.