19 June, 2024 04:40:44 PM
നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
നീറ്റില്‍ ഇത്രയേറെ ക്രമക്കേട് ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മൗനം തുടരുകയാണെന്നും പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിസിസി അധ്യക്ഷന്‍മാര്‍ക്കും നിയമസഭാകക്ഷി നേതാക്കള്‍ക്കും കത്തയച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകും.
ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടമുന്‍പാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. നീറ്റ് വിഷയത്തില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. അതേസമയം, നീറ്റ് വിഷയത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വീട് ഉപരോധിച്ചു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു.
വിദ്യാര്‍ഥികളില്‍ നിന്ന് 30- 50 ലക്ഷം വരെ രൂപവാങ്ങിയെന്നും ഗുജറാത്തില്‍ പരീക്ഷാര്‍ഥികളോട് ഒഎംആര്‍ ഷീറ്റ് ഒഴിച്ചിടാന്‍ പറയുകയും പിന്നീട് അധ്യാപകര്‍ പൂരിപ്പിക്കുകയുമായിരുന്നെന്ന് ആം ആദ്മി ആരോപിച്ചു. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആംആദ്മി ആവശ്യപ്പെട്ടു.