27 May, 2024 05:20:28 PM


ജൈവ ആന്‍റി ഓക്‌സിഡന്‍റ് നിർമാണത്തിന് എം.ജി സർവകലാശാല-കാംലിൻ ധാരണ


കോട്ടയം: ഭക്ഷ്യോത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപകരിക്കുന്ന ജൈവ ആന്റി ഓക്‌സിഡന്റ് വികസിപ്പിക്കുന്നതിന് എംജിയു ഇന്നവേഷൻ ഫൗണ്ടേഷനും കാംലിൻ ഫൈൻ സയൻസസ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. നിലവിൽ സർവകലാശാലയിലെ ഇന്നവേഷൻ ഫൗണ്ടേഷനിൽ നടന്നുവരുന്ന പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കുശേഷം വാണിജ്യോത്പാദനത്തിന് തുടക്കം കുറിക്കും.

ഇപ്പോൾ ഭക്ഷ്യോത്പന്ന മേഖലയിൽ സിന്തറ്റിക്ക് ആന്റി ഓക്‌സിഡന്റുകളാണ് പൊതുവെ ഉപയോഗിച്ചുവരുന്നത്. പൂർണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് ജൈവ ആന്റി ഓക്‌സിഡന്റിന് മുൻഗണന നൽകുന്നതെന്ന് കാംലിന്റെ ജൈവ ആന്റി ഓക്‌സിഡന്റ് വിഭാഗം ടെക്‌നിക്കൽ മേധാവി വി.എ. ഷാജു പറഞ്ഞു.  

കാംലിൻ ഫൈൻ സയൻസസ് നൽകുന്ന ജൈവ ദ്രാവകം ഇന്നവേഷൻ ഫൗണ്ടേഷനിലെ സ്‌പ്രേ ഡയറിലൂടെ കടത്തിവിട്ട് പൊടി രൂപത്തിലുള്ള ആന്റി ഓക്‌സിഡന്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ ഇതിനോടകം തയ്യാറാക്കിയ ഉത്പന്നത്തിന്റെ വിശദ പരിശോധനകൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്നൊവേഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ് പറഞ്ഞു. 

ഇൻസ്ട്രുമെന്റ് ബോക്‌സ് ഉൾപ്പെടെയുള്ള പഠന സാമഗ്രികളിലൂടെ സാധാരണക്കാർക്ക് ഏറെ പരിചിതമായ കാംലിൻ കമ്പനിയുടെ  കെമിക്കൽ ബിസിനസ് സ്ഥാപനമാണ് കാംലിൻ ഫൈൻ സയൻസസ്. ടെർഷ്യറി ബ്യുട്ടൈൽ ഹൈഡ്രോ ക്വിനോൻ എന്ന ആന്റി ഓക്‌സിഡന്റിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് ഈ കമ്പനി. വളർത്തു മൃഗങ്ങളുടെ ഭക്ഷണം, ഭക്ഷ്യ ഉൽപന്നങ്ങളും പാനീയങ്ങളും, ജൈവ ഇന്ധനം തുടങ്ങി വിവിധ മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്ന രാസ പദാർത്ഥങ്ങൾ നിർമിച്ചുവരുന്നു.

ഇത്തരമൊരു സ്ഥാപനവുമായി പുതിയൊരു മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നത് എംജിയു  ഇന്നവേഷൻ ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930