14 January, 2025 06:30:58 PM


കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; കുഞ്ഞ് ഉള്‍പ്പെടെ 8 പേർക്ക് പരിക്ക്



കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. 

മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ടോയോട്ട ഇറ്റിയോസ് കാർ വലതുവശത്തേയ്ക്ക് തിരിയുകയും ഇതിനിടയിൽ എതിര്‍ ദിശയിൽ നിന്ന് വന്ന ഫോര്‍ച്യൂണര്‍ കാര്‍ ഇതിൽ തട്ടി മറിഞ്ഞു. ഇതിന് പിന്നാലെ നിയന്ത്രണം വിട്ട് മറിഞ്ഞ ഫോര്‍ച്യൂണര്‍ കാര്‍ എതിര്‍ദിശയിൽ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. 

കാറിടിച്ച് ബൈക്കിൽ നിന്ന് റോഡരികിലേ കടയ്ക്ക് മുന്നിലേക്കാണ് യുവാവ് തെറിച്ച് വീണത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ആറുമാസം പ്രായമായ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.എറണാകുളം വടുതല സ്വദേശികളായ സരിത, സരിതയുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. 

11, ഒമ്പത്, ഏഴ് വയസുള്ള കുട്ടികള്‍ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രണ്ടു കാറുകളിലായി ഉണ്ടായ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കാറുകള്‍ വേഗതയിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കോലഞ്ചേരി ടൗണിൽ ദേശീയപാതയിലാണ് അപകടം നടന്നത്.അപകടമുണ്ടാകാനുള്ള സാഹചര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.അപകട കാരണത്തെകുറിച്ച് അന്വേഷണം നടക്കുകയാണെന്നും പുത്തൻകുരിശ് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K