21 January, 2025 07:46:51 AM


ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി റിതുവുമായി ഇന്ന് തെളിവെടുപ്പ് നടത്തും



കൊച്ചി : പറവൂർ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. അതീവ രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. 

നിലവിൽ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതി റിതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂർ ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. അതേ സമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റി​തു ജയന്‍റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ജിതിനെ റിതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴ്ത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു. റിതു സ്ഥിരം ശല്യക്കാരനാണെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിട്ടുണ്ട്. റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K