28 January, 2025 06:51:06 PM
ശ്വാസതടസം; 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് ബീഫിൻ്റെ എല്ല്

കൊച്ചി: ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 84കാരിയുടെ ശ്വാസകോശത്തിൽ നിന്നും ഇറച്ചിയുടെ എല്ല് കണ്ടെത്തി. കോതമംഗലം സ്വദേശിനിയെയാണ് ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെയാണ് ബുദ്ധിമുട്ട് ആരംഭിച്ചത്. ചോറും ബീഫ് കറിയും കഴിച്ചു കൊണ്ടിരിക്കവെ നെഞ്ചിലെന്തോ തടഞ്ഞത് പോലെ തോന്നിയതായി പറഞ്ഞപ്പോൾ കുടുംബം വയോധികയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എക്സറേയിലും സിടി സ്കാനിലും സംശയം തോന്നിയതിന് പിന്നാലെ വയോധികയെ കൊച്ചിയിൽ തന്നെയുളള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് രണ്ട് സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിലാണ് എല്ല് കണ്ടെത്തിയത്. എല്ലിന്റെ കഷ്ണം ശ്വാസകോശത്തിൽ നിന്നും നീക്കം ചെയ്ത വയോധിക ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ തൃപ്തികരമായതിന് ശേഷമാണ് വയോധിക ആശുപത്രി വിട്ടത്.