01 February, 2024 02:55:58 PM


മാലിന്യത്തിൽ നിന്നും തീ പടർന്നു; കോട്ടയത്ത് ലീഗൽ മെട്രോളജി വകുപ്പിന്‍റെ വാഹനം കത്തി നശിച്ചു



കോട്ടയം താലൂക്ക് ഓഫീസ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന ലീഗൽ മെട്രോളജി വകുപ്പിന്റെ വാഹനം പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും തീ പടർന്നതാണ് വാഹനം കത്തി നശിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധികൃതർ ദുരൂഹത സംശയിക്കുന്നുണ്ട്.

കോട്ടയം ലീഗൽ മെട്രോളജി വകുപ്പിൻ്റെ KL-01 CB 3537 എന്ന ടാറ്റ സുമോ കാറാണ് കത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി ലീഗൽ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങളിൽ ഒന്നാണിത്. കോട്ടയം സിവിൽ സ്റ്റേഷന്റെ നിർമ്മാണം നിലച്ച അനക്സ് കെട്ടിടത്തിന്റെ പാർക്കിംങ് ഏരിയയിലാണ് വർഷങ്ങളായി ഈ വാഹനം ഔദ്യോഗീക യാത്രകൾക്ക് ശേഷം നിർത്തിയിടുന്നത്. ഇത്തരത്തിൽ ഇന്നലെ വൈകുന്നേരം 5.30 യോടെ എത്തി നിർത്തിയിട്ടിരുന്ന വാഹനമായിരുന്നു ഇത്.

ഇന്ന് രാവിലെ 7.30 ഓടെ സമീപത്തെ വീട്ടുകാർ ടയറുകൾ പൊട്ടിത്തെറിക്കുന്ന  ശബ്ദവും, ഒപ്പം തീ ഉയരുന്നതും കണ്ട് ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വേഗം എത്തി തീ അണച്ചുവെങ്കിലും വാഹനം പൂർണമായും കാത്ത് നശിച്ചു.

സമീപത്ത് കൂട്ടിയിട്ടിരുന്ന പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിയിട്ടുണ്ട്.  കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് തീ വലിയ തോതിൽ പടർന്നതിന്റെ ലക്ഷണങ്ങളും ദൃശ്യമാണ്.

സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന 14 വകുപ്പുകളുടെയും പേപ്പർ മാലിന്യങ്ങൾ അടക്കമുള്ളവർ ഈ പരിസരത്ത് കൂട്ടിയിട്ടിരുന്നു. ഇതിനെതിരെ ജീവനക്കാർ തന്നെ പലവട്ടം പ്രതിഷേധം ഉയർത്തിയിരുന്നുവെങ്കിലും മാറ്റുവാൻ മറുപടിയുണ്ടായിരുന്നില്ല. ഇതിനെതിരെ ജീവനക്കാർ തന്നെ പലവട്ടം പ്രതിഷേധം ഉയർത്തിയിരുന്നുവെങ്കിലും മാറ്റുവാൻ മറുപടിയുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K