22 July, 2024 09:12:19 AM
ശിവലിംഗവും ത്രിശൂലവും: പേരൂർ കാവിലെ പാഡി ആർട്ട് ശ്രദ്ധേയമാകുന്നു
ഏറ്റുമാനൂര്‍: ദൈവിക പരിവേഷമണിഞ്ഞു നെൽചെടികൾ. കഴിഞ്ഞ രണ്ടു വർഷമായി കോട്ടയം ജില്ലയിലെ പേരൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരെ വരവേൽക്കുന്നത് നെൽവയലിലെ ദൈവത്തിന്റെ കൈയൊപ്പ് പതിച്ച കലാവിരുന്നാണ്.
ഏറ്റുമാനൂരപ്പന്റെ മകൾ സ്ഥാനിയായ പേരൂർക്കാവ് ഭഗവതിയുടെ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗുരുതി പാടത്താണ് പാഡി ആർട്ടിലൂടെ ശിവലിംഗത്തിൻ്റെയും ത്രിശൂലത്തിന്റെയും ആകൃതിയിൽ കലാപരമായി നെൽചെടികൾ നട്ട് വളർത്തിയിരിക്കുന്ന മനോഹര കാഴ്ച. കഴിഞ്ഞ വർഷം വാളും ചിലമ്പുമായിരുന്നു ഇതുപോലെ നട്ടു വളർത്തിയത്. ക്ഷേത്രം ഭാരവാഹികളുടെ സഹകരണത്തോടെ ഭക്തരായ നാല് കർഷകർ ചേർന്ന് വയലറ്റ് നിറമുള്ള നാസാബാദ് നെല്ലും പച്ചനിറമുള്ള ജ്യോതി നെല്ലും ഉപയോഗിച്ചാണ്
ഈ കലാവിരുന്ന് ഒരുക്കിയത്.
കഴിഞ്ഞ വർഷം ക്ഷേത്രത്തിനു മുൻവശത്ത് തരിശു കിടന്ന പാടത്ത് കൃഷിയിറക്കിക്കൊണ്ടായിരുന്നു ഇവരുടെ തുടക്കം. ഇതോടൊപ്പം ഗുരുതിപാടത്തെ പരീക്ഷണവും വിജയം കണ്ടു. ഇതിന് ഈ യുവകർഷകർക്ക് കൃഷിഭവന്റെ അവാർഡും ലഭിച്ചിരുന്നു.
കേരളത്തിൽ മീനഭരണി ആഘോഷത്തിന്റെ ഭാഗമായി പേരൂർ കാവിൽ മാത്രം കണ്ടുവരുന്ന നിണകുടം അഭിഷേകം നടന്നുവരുന്നത് ഈ ഗുരുതി പാടത്താണ്. വൃതാനുഷ്ടാനങ്ങളോടെ ദേവിയുടെ മൂലസ്ഥാനമായ വാട്ടപ്പള്ളി കൊട്ടാരത്തിൽവെച്ച് ഭക്തർ പ്രതീകാൽമകമായി തയ്യാറാക്കുന്ന നിണം കുടങ്ങളിൽ നിറച്ച് ഘോഷയാത്രയായാണ് ക്ഷേത്രത്തിൽ എത്തിക്കുക. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ചരിത്രമുറങ്ങുന്ന ഇരുപ്പ മരത്തിന്റെ ചുവട്ടിലാണ് ആദ്യം ഈ കുടങ്ങൾ താഴ്ത്തി വെക്കുക. തുടർന്ന് അവിടെ നിന്നും ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ഗുരുതി കണ്ടത്തിൽ എത്തിച്ച ശേഷം ഇവിടെയുള്ള ശിലാവിഗ്രഹത്തിലും തന്റെ ശിരസിലുമായി വെളിച്ചപ്പാട് അഭിഷേകം നടത്തുന്നു. ഇത്തരത്തിൽ ദേവിയുടെ അനുഗ്രഹം എപ്പോഴുമുള്ള മണ്ണിലാണ് കഴിഞ്ഞ രണ്ടുവർഷമായി ഭക്തിനിർഭരമായ കാഴ്ച്ച ഒരുക്കുന്നതെന്നതും ഒരു പ്രത്യേകതയാണ്.
ഉത്സവത്തിന്റെ സമാപനദിവസം ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുക മീനച്ചിലാറ്റിൽ പേരൂർ പൂവത്തുംമൂട് കടവിലാണ്. ആറാട്ടുവഴിയിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും നാലര കിലോമീറ്റർ തെക്ക് മാറിയാണ് പേരൂർ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യാത്രാമദ്ധ്യേ മകളായ ഭഗവതിയെ കാണാൻ ഭഗവാൻ എത്തുന്നതും പണക്കിഴിയും മറ്റും നൽകുന്നതും വളരെ ഭക്തിനിർഭരമായ ചടങ്ങുകൾ ആണ്. ആറാട്ട് കഴിഞ്ഞു തിരികെ പോകുമ്പോൾ മകളെ ഒപ്പം കൂട്ടാമെന്നു പറഞ്ഞ് പോകുന്ന ഭഗവാൻ മറ്റൊരു വഴിയിലൂടെ ശബ്ദഘോഷങ്ങൾ ഇല്ലാതെ തിരിച്ചു പോകുന്നു. പേരൂർ ഗ്രാമത്തിലും ദേശവഴികളിലും സകല വിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്തുകൊണ്ട് പിതാവിന്റെ വരവിനായി മകൾ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കുന്നു.