15 February, 2025 09:56:40 AM
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; 4 വിദ്യാർഥികൾ കൂടി പുതിയതായി പരാതി നൽകി

കോട്ടയം: സർക്കാർ നഴ്സിങ് കോളജിലെ റാഗിങിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിൽ ഉണ്ട്.
അതിനിടെ റാഗിങിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു നേരത്തെ പരാതി നൽകിയത്. സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്.
പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.