17 October, 2024 01:24:17 AM


ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാനയിൽ സ്വകാര്യ ആശുപത്രിയുടെ നിർമാണ പ്രവർത്തനം വിവാദത്തിൽ



ഏറ്റുമാനൂർ: എം സി റോഡിൽ പട്ടിത്താനം റൗണ്ടാനയിൽ സ്വകാര്യ ആശുപത്രിയുടെ നിർമാണ പ്രവർത്തനം വിവാദത്തിൽ. 'ഏഴരപൊന്നാനയുടെ നാട്' എന്നറിയപ്പെടുന്ന ഏറ്റുമാനൂർ നഗരത്തിലേക്കുള്ള കവാടമായാണ് പട്ടിത്താനം പണ്ടുമുതലേ അറിയപ്പെടുന്നത്. എം സി റോഡും വൈക്കം റോഡും മണർകാട് ബൈപാസ് റോഡും സംഗമിക്കുന്ന ഈ ജംഗ്ഷനിൽ എം സി റോഡ് നവീകരണവേളയിൽ പണിത റൗണ്ടാനയാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രി തങ്ങളുടെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി കൈയടക്കിയത്.


തെള്ളകം കാരിത്താസ് ആശുപത്രി റൗണ്ടാന നവീകരിച്ച് തങ്ങളുടെ പരസ്യപ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ ഏറ്റുമാനൂരിനെ പാടെ വിസ്മരിച്ചു. 'എന്റെ കോട്ടയം' എന്നുള്ള ഫലകമാണ് ആശുപത്രിയുടെ പരസ്യത്തോടൊപ്പം ഏറ്റുമാനൂരിലേക്ക് എത്തുന്നവർക്ക് റൗണ്ടാനയിൽ കാണാനാവുക. ഏറ്റുമാനൂർ എന്നതിനെ 'കാരിത്താസ് - കോട്ടയം' എന്നാക്കി മാറ്റാനുള്ള ഗൂഡനീക്കമാണിതിന്റെ പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പട്ടിത്താനം കവലയെയും ഏറ്റുമാനൂരിനെയും തള്ളിക്കൊണ്ടുള്ള ആശുപത്രി അധികൃതരുടെ നീക്കത്തിനെതിരെ വിവിധ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.


കോട്ടയം ജില്ലയിലേക്ക് സ്വാഗതം അരുളികൊണ്ടാണെങ്കിൽ ഈ നിർമാണം ജില്ലയുടെ അതിർത്തി പ്രദേശത്തല്ലേ ചെയ്യേണ്ടത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ആരും കാണാത്ത വിധം ചുറ്റും കെട്ടി മറച്ചുകൊണ്ടായിരുന്നു റൗണ്ടാനയിൽ നിർമാണപ്രവർത്തനം നടത്തിയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ചു തുറന്നപ്പോൾ മാത്രമാണ് നാട്ടുകാർ ഈ ചതി മനസിലാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരത്തോടെയാണോ അതോ രാഷ്ട്രീയ ഇടപെടലുകളിലാണോ നിർമാണം നടന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.


''എൻ്റെ കോട്ടയം" എന്നുള്ളത് പട്ടിത്താനം ജംഗ്ഷന് എങ്ങനെ നോക്കിയാലും ചേരുന്നതല്ലെന്നും കാരിത്താസ് എന്ന ആരോഗ്യ വ്യവസായ സ്ഥാപനത്തിന്റെ ഈ നിർമിതി അംഗീകരിക്കാനാവില്ലെന്നും ഫലകത്തിൽ 'എൻ്റെ ഏറ്റുമാനൂർ' എന്ന് തന്നെ ആലേഖനം ചെയ്യണമെന്നും സി പി ഐ നേതാവ് പ്രശാന്ത് രാജൻ ആവശ്യപ്പെട്ടു. ഏറ്റുമാനൂരിന്റെ പേര് കോട്ടയം എന്നാക്കി മാറ്റാനുള്ള കാരിത്താസ് മുതലാളിമാരുടെ താല്പര്യമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്ന് ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറി പ്രസിഡന്റ്‌ ജി പ്രകാശ് ആരോപിച്ചു. പട്ടിത്താനം റൗണ്ട് മോടി പിടിപ്പിക്കാൻ എന്ന വ്യാജേന ഫ്ളഡ് ലൈറ്റിൽ ആശുപത്രിയുടെ 6 വലിയ പരസ്യബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പട്ടിത്താനം റൗണ്ട് എന്നറിയപ്പെട്ടിരുന്ന ഇവിടെ "കാരിത്താസ് റൗണ്ട്" എന്ന് ഫലകത്തിൽ എഴുതി വച്ചു പുനർ നാമകരണം ചെയ്യാൻ ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.


ആശുപത്രിയുടെ ഈ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ചെടികൾ നട്ട് പരിപാലിക്കേണ്ട സ്ഥലങ്ങളിൽ മുഴുവൻ ആർട്ടിഫിഷ്യൽ പുല്ലുകൾ ഒട്ടിച്ചിരിക്കുന്നതിലൂടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്രവർത്തനമാണ് ഇവർ ചെയ്തിരിക്കുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഏറ്റുമാനൂരിന്റെ പേര് മാറ്റാനുള്ള തന്ത്രത്തിലൂടെ ഭാവിയിൽ ഏറ്റുമാനൂരമ്പലത്തിന് 'കാരിത്താസ് ശ്രീ മഹാദേവക്ഷത്രം' എന്ന്  പേര് വീഴുമോ എന്നും ചോദ്യം ഉയരുന്നു. ഈ നിർമിതിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K