07 October, 2024 07:28:34 PM


യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ



തൃക്കൊടിത്താനം  : യുവാവിന് 1.5 കോടി രൂപ ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളിൽ നിന്നും ലക്ഷങ്ങൾ  തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശിയെ  പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ ആർ. പൊൻചന്ദ്ര മൗലിശ്വർ (37) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാടപ്പള്ളി സ്വദേശിയായ യുവാവിന് കോയമ്പത്തൂരുള്ള ഫിനാൻസ് കമ്പനിയിൽ നിന്നും  1.5 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇതിന്റെ  പ്രോസസ്സിംഗ്  ഫീസായി 39,900 ഗൂഗിൾ പേ വഴി അയച്ചു മേടിക്കുകയും, കൂടാതെ യുവാവിൽ നിന്നും ഗ്യാരണ്ടിക്കായി  വാങ്ങിയ  ചെക്ക് ലീഫുകൾ വഴി  യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 3,48,432 (മൂന്നു ലക്ഷത്തി നാൽപത്തിയെട്ടായിരത്തി നാനൂറ്റിമുപ്പത്തിരണ്ട്)  രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. ലോൺ ലഭിക്കാതിരുന്നതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിന്റെ പണം പൊൻചന്ദ്ര മൗലിശ്വരുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തുകയും തുടർന്ന്  നടത്തിയ തിരച്ചിലിൽ ഇയാളെ കോയമ്പത്തൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.  തൃക്കൊടിത്താനം  സ്റ്റേഷൻ എസ്.എച്ച്.ഓ അരുൺ എം.ജെ, എസ്.ഐ സിബിമോൻ, സി.പി.ഓ മാരായ ശ്രീകുമാർ, അരുൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K