10 February, 2025 05:29:49 PM
സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്: ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ രൂക്ഷവിമര്‍ശനം

ഏറ്റുമാനൂര്‍: സ്കൂളുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ സോഷ്യല്‍ ഓഡിറ്റിനോട് വിമുഖത പ്രകടമാക്കിയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനം. ഏറ്റുമാനൂര്‍ നഗരസഭ, നീണ്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളില്‍ സമഗ്ര ശിക്ഷാ കേരളയുടെ ആഭിുഖ്യത്തില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിന്‍റെ ഭാഗമായി ഇന്ന് നടന്ന പബ്ലിക് ഹിയറിംഗില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്കൂള്‍ സഭകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായില്ല.
സര്‍ക്കാര്‍ സ്കൂളുകളിലെ വികസനങ്ങളുടെ ചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നിരിക്കെയാണ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ നിലപാട് സ്വീകരിച്ചത്. ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഗവ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളിലായി രണ്ട് ദിവസം കൊണ്ടാണ് സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയായത്. നീണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ നീണ്ടൂര്‍ എസ്കെവി ജി എച്ച് എസ് എസ്, നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി സ്കൂള്‍, ഓണംതുരുത്ത് എല്‍ പി സ്കൂള്‍ എന്നിവിടങ്ങളിലും അതിരമ്പുഴ പഞ്ചായത്തില്‍ കാട്ടാത്തി ആര്‍എസ്ഡബ്ല്യു ജി എല്‍പി സ്കൂളിലുമാണ് ഇതോടൊപ്പം ഓഡിറ്റ് പൂര്‍ത്തിയായത്.

ഈ വിദ്യാലയങ്ങളില്‍നിന്നും കണ്ടെത്തിയ പ്രശ്നങ്ങളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുന്നതിനും മറ്റുമായി ഇന്ന് ഏറ്റുമാനൂര്‍ ബിആര്‍സിയില്‍ നടത്തിയ പബ്ലിക് ഹിയറിംഗില്‍ പക്ഷെ ഈ തദ്ദേശസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണവും ആരോഗ്യപ്രശ്നങ്ങളും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ട യോഗത്തില്‍ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. തങ്ങളുടെ കാലാവധി തീരാന്‍ ഏതാനും മാസം മാത്രം ബാക്കി നില്‍ക്കെ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് ചില നഗരസഭാ / ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും യോഗത്തില്‍ ചൂണ്ടികാണിക്കപ്പെട്ടു.
ഇന്ന് പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്ത സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത് ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ ഭാഗത്തുനിന്നായിരുന്നു. കോളിഫോം ബാക്ടീരിയ അടങ്ങിയ വെള്ളമാണ് സ്കൂളിലെ കിണറുകളിലേതെന്നും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെയെത്തുന്ന കുടിവെള്ളം ആവശ്യത്തിന് തികയുന്നില്ലെന്നുമായിരുന്നു പ്രധാന പരാതി. സ്കൂള്‍ അധികൃതരുടെ അനുവാദമോ അറിവോ ഇല്ലാതെ ക്ലാസുകള്‍ നടക്കുമ്പോള്‍തന്നെ മേല്‍ക്കൂര പൊളിച്ചുപണിയുന്ന നഗരസഭാ അധികൃതരുടെ പ്രവൃത്തിയും വിമര്‍ശിക്കപ്പെട്ടു.

അണ്‍ഫിറ്റ് ആയി സര്‍ട്ടിഫൈ ചെയ്ത കെട്ടിടം സ്കൂള്‍ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നതും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടെണ്ണല്‍ കേന്ദ്രമായി വരെ ഉപയോഗിക്കുന്ന ഈ കെട്ടിടത്തില്‍ നഗരസഭയുടെതുള്‍പ്പെടെ പൊതുപരിപാടികള്‍ വരെ സ്ഥിരമായി നടക്കുന്നു. ആവശ്യത്തിന് ക്ലാസ് മുറികളുടെ അഭാവവും ലാബ്, ലൈബ്രറി സൌകര്യങ്ങള്‍ കുറവായതും ചാക്കിലും പ്ലാസ്റ്റിക് കവറിലും കെട്ടിയിട്ടിരിക്കുന്ന മാലിന്യവും നിരോധിത പുകയില ഉല്പന്നങ്ങളുടെ കവറുകളും കുന്നുകൂടികിടക്കുന്ന ശുചിമുറികളും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് ഏറ്റുമാനൂരിലെ സ്കൂളില്‍നിന്നും കണ്ടെത്താനായത്.
ഫസ്റ്റ് എയ്ഡ് ബോക്സില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍, മതിയായ വാഹനസൌകര്യം ഇല്ലായ്മ, കൃത്യമായി പരിപാലിക്കാത്ത കളിസ്ഥലം, ശുചിത്വമില്ലായ്മ, പരാതിപ്പെട്ടികളുടെ അഭാവം, മാലിന്യനിര്‍മാര്‍ജനത്തിന് മതിയായ സൌകര്യങ്ങള്‍ ഇല്ലാത്തത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് വിവിധ സ്കൂളുകളില്‍നിന്ന് സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തിയതും ഇന്ന് പൊതുസഭയില്‍ അവതരിപ്പിച്ചതും. എന്നാല്‍ വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടവര്‍ ആരും എത്താതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടു.
സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേഷന്‍ ടീം അംഗങ്ങളായ ബി സുനില്‍കുമാര്‍, ഇ പി മോഹനന്‍ നായര്‍, കെ എന്‍ രാജന്‍, ജിക്കു കെ ശശീന്ദ്രന്‍, ഷാജി പി ജെ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ ബിആര്‍സി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് ബിജുമോന്‍ അധ്യക്ഷനായിരുന്നു. ബിആര്‍സി ട്രയിനര്‍ ബിനീത് കെ.എസ്, കില ഫാക്കല്‍റ്റിയും സോഷ്യല്‍ ഓഡിറ്റര്‍മാരുമായ സുനു പി മാത്യു, ശ്രീകുമാര്‍, ഏറ്റുമാനൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ് രാധിക, ബി രാജീവ്, ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.