19 October, 2024 10:32:21 AM
ഏറ്റുമാനൂര്‍ പട്ടിത്താനം റൗണ്ടാനയില്‍ സ്വകാര്യ ആശുപത്രിയുടെ നിര്‍മിതി അനുമതി ലംഘിച്ച്
- സ്വന്തം ലേഖിക
ഏറ്റുമാനൂർ: എം സി റോഡിൽ പട്ടിത്താനം റൗണ്ടാനയിൽ സ്വകാര്യ ആശുപത്രിയുടെ നിർമാണ പ്രവർത്തനം വിവാദത്തിൽ ആയതോടെ സംഭവത്തില്‍ ഇടപെട്ട് ഏറ്റുമാനൂര്‍ നഗരസഭ. 'ഏഴരപൊന്നാനയുടെ നാട്' എന്നറിയപ്പെടുന്ന ഏറ്റുമാനൂർ നഗരത്തിലേക്കുള്ള കവാടമായ പട്ടിത്താനം ജംഗ്ഷനിലെ റൌണ്ടാനയില്‍ തെള്ളകം കാരിത്താസ് ആശുപത്രി തങ്ങളുടെ പരസ്യപ്രചരണം ലക്ഷ്യമാക്കി ഏറ്റുമാനൂരിനെ വിസ്മരിച്ചുകൊണ്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനമാണ് വിവാദമായത്. അതേസമയം, നഗരസഭ 2023 ഡിസംബറില്‍ നല്‍കിയ അനുമതി വളച്ചൊടിച്ച് ആശുപത്രി അധികൃതര്‍ ഈ പ്രദേശം തങ്ങളുടെ പരസ്യപ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ 'ദേവഭൂമി ന്യൂസി'ന് ലഭിച്ചു.
പട്ടിത്താനം റൌണ്ടാന സൌന്ദര്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി നഗരസഭ ആസ്തിയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് ഒരു മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് അനുമതിക്കായി കാരിത്താസ് ആശുപത്രി മാനേജര്‍ ജെബിന്‍ ബാബു നല്‍കിയ അപേക്ഷ 2023 നവംബര്‍ 3-ാം തീയതി നടന്ന നഗരസഭാ പൊതുമരാമത്ത് കമ്മിറ്റി പരിഗണിക്കുകയും 2023 ഡിസംബര്‍ 11ന് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ട് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. തീരുമാനം ഇപ്രകാരമായിരുന്നു.
നിലവില്‍ നഗരസഭയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ കണക്ഷനില്‍നിന്ന് വൈദ്യുതി ടാപ്പ് ചെയ്യാനോ മറ്റൊരു ഉപയോഗത്തിനോ അനുവദിക്കില്ല. പ്രവൃത്തി ചെയ്യുന്നതിന് നിലവിലെ ഇലക്ട്രിക് പോസ്റ്റ് തടസമായതിനാല്‍ ഒരു മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം ടി സ്ഥലത്ത് 'ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് സ്വാഗതം' എന്ന ബോര്‍ഡ് കൂടി സ്ഥാപിക്കണമെന്നും ഇവിടെ നിര്‍മിക്കുന്ന നിര്‍മിതി മൂലം യാതൊരുവിധ കാഴ്ചതടസവും വാഹനയാത്രികര്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്നും നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഉറപ്പു വരുത്തേണ്ടതാണെന്നുമായിരുന്നു തീരുമാനം. നിലവില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുവാന്‍ പാടില്ലെന്നും ഈ നിബന്ധനകള്‍ ലംഘിക്കുന്ന പക്ഷം നഗരസഭ നല്‍കുന്ന അനുമതി നിരുപാധികം റദ്ദ് ചെയ്യുകയും ആശുപത്രിയില്‍നിന്ന് നിയമാനുസൃതമായ നഷ്ടപരിഹാരം ഈടാക്കുന്നതാണെന്നുമായിരുന്നു തീരുമാനം.
എന്നാല്‍, എം സി റോഡും വൈക്കം റോഡും മണർകാട് ബൈപാസ് റോഡും സംഗമിക്കുന്ന ഈ ജംഗ്ഷനിലെ റൗണ്ടാന നവീകരിച്ച് 'എന്‍റെ കോട്ടയം' എന്നുള്ള ഫലകമാണ് ആശുപത്രി തങ്ങളുടെ പരസ്യത്തോടൊപ്പം ഇവിടെ സ്ഥാപിച്ചത്. ഏറ്റുമാനൂരിനെ പാടെ വിസ്മരിച്ചുകൊണ്ടുള്ള ഈ പ്രവൃത്തി ഇവിടം 'കാരിത്താസ് - കോട്ടയം' എന്നാക്കി മാറ്റാനുള്ള ഗൂഡനീക്കമാണിതിന്‍റെ ഭാഗമെന്ന് നാട്ടുകാർ ആരോപിച്ചു.
റൌണ്ടാനയില്‍ കാരിത്താസ് ആശുപത്രി സ്ഥാപിച്ച 'എന്‍റെ കോട്ടയം', 'കാരിത്താസ് റൌണ്ട്' എന്നീ ഫലകങ്ങളാണ് ഏറെ വിവാദമായത്. പട്ടിത്താനം കവലയെയും ഏറ്റുമാനൂരിനെയും തള്ളിക്കൊണ്ടുള്ള ആശുപത്രി അധികൃതരുടെ നീക്കത്തിനെതിരെ സാംസ്കാരികനേതാക്കളും വിവിധ സംഘടനകളും രംഗത്ത് എത്തി. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം 'എന്റെ കോട്ടയം' എന്നതിനൊപ്പം 'ഏറ്റുമാനൂർ' എന്ന ചെറിയ ബോർഡ് ഘടിപ്പിച്ച് തടി തപ്പാനുള്ള നീക്കവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. എന്നിട്ടും രാത്രികാലങ്ങളിൽ 'എന്റെ കോട്ടയം' എന്ന് മാത്രമാണ് ഇപ്പോഴും തിളങ്ങി നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം വാര്‍ഡ് കൌണ്‍സിലര്‍ വി.എസ്.വിശ്വനാഥന്‍, എസ് എം എസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് ജി പ്രാകശ് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയ്ക്ക് നല്‍കിയ കത്ത് ഇന്നലെ നടന്ന നഗരസഭാ കൌണ്‍സിലില്‍ ചര്‍ച്ചയ്ക്ക് എടുക്കുകയായിരുന്നു. ഈ ബോര്‍ഡുകള്‍ നിലനിര്‍ത്തണമെന്ന് കൌണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടം ആവശ്യപ്പെട്ടുവെങ്കിലും മറ്റ് കൌണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു.
ആശുപത്രി അധികൃതര്‍ റൌണ്ടാന നവീകരിച്ചപ്പോള്‍ ഇവിടെ നേരത്തെയുണ്ടായിരുന്ന ദിശാബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നു. മാത്രമല്ല റൌണ്ടാനയുടെ നടുഭാഗത്തെ നിര്‍മിതി എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് മറവ് സൃഷ്ടിക്കുന്നതായും പരാതിഉയര്‍ന്നിരുന്നു. പട്ടിത്താനം റൗണ്ട് മോടി പിടിപ്പിക്കാൻ എന്ന വ്യാജേന ആശുപത്രിയുടെ 6 പരസ്യ ഫലകങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ചെടികൾ നട്ട് പരിപാലിക്കേണ്ട സ്ഥലങ്ങളിൽ മുഴുവൻ ആർട്ടിഫിഷ്യൽ പുല്ലുകൾ ഒട്ടിച്ചിരിക്കുന്നതിലൂടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്രവർത്തനമാണ് ഇവർ ചെയ്തത്.
ആരും കാണാത്ത വിധം ചുറ്റും കെട്ടി മറച്ചുകൊണ്ടായിരുന്നു റൗണ്ടാനയിൽ നിർമാണപ്രവർത്തനം നടത്തിയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ചു തുറന്നപ്പോൾ മാത്രമാണ് നാട്ടുകാർ ചതി മനസിലാക്കിയത്. ആശുപത്രിയുടെ ഈ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. പട്ടിത്താനം റൗണ്ട് എന്നറിയപ്പെട്ടിരുന്ന ഇവിടെ "കാരിത്താസ് റൗണ്ട്" എന്നാക്കി പുനർ നാമകരണം ചെയ്യാനുള്ള ഇവരുടെ നീക്കത്തിന് ആരാണ് അധികാരം നൽകിയതെന്നും ചോദ്യമുയരുന്നു.
പൊതുമരാമത്ത് വകുപ്പിന്‍റെയോ നഗരസഭയുടെയോ അംഗീകാരത്തോടെയാണോ അതോ രാഷ്ട്രീയ ഇടപെടലുകളിലാണോ ഇത്തരമൊരു ഗൂഡനീക്കം നടന്നതെന്ന സംശയവും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. നഗരസഭയുടെ അനുമതി അട്ടിമറിച്ച് നടന്ന നിര്‍മാണം ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ല എന്ന് പറയുന്നതിലും ദുരൂഹത നിലനില്‍ക്കുന്നു. ആശുപത്രി അധികൃതര്‍ക്ക് അനുമതി നല്‍കിയപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ല. തങ്ങള്‍ നല്‍കിയ അനുമതി പ്രകാരമാണോ നിര്‍മാണം നടക്കുന്നതെന്ന് സ്ഥലപരിശോധന നടത്തി ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൃത്യനിര്‍വണത്തില്‍ വീഴ്ച വരുത്തി എന്ന് തെളിയുകയാണിവിടെ.