23 August, 2024 12:01:03 PM


മീനച്ചിലാർ- മീനന്തറയാർ-കൊടൂരാർ പുനർ സംയോജന പദ്ധതി: ഏഴാം വാർഷികം 31ന്



കോട്ടയം: പുഴകളുടെ വീണ്ടെടുപ്പിനായി കോട്ടയത്ത് ആരംഭിച്ച മീനച്ചിലാർ- മീനന്തറയാർ-കൊടൂരാർ-പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്‌മയുടെ ഏഴാം വാർഷികം ആഗസ്റ്റ് 31 ശനിയാഴ്ച നടക്കും. വൈകിട്ട് 5 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ഡോ. ജേക്കബ് ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷികസമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു വാർഷികബുള്ളറ്റിൻ പ്രകാശനം ചെയ്യും. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജനപദ്ധതി കോർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ ഭാവി പ്രവർത്തനരേഖ അവതരിപ്പിക്കും.  ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് പ്രസംഗിക്കും. 

2017 ആഗസ്റ്റ് 28നാണ്  കോട്ടയത്ത് മീനച്ചിലാർ- മീനന്തറയാർ-കൊടൂരാർ-പുനർ സംയോജന പദ്ധതി എന്ന ജനകീയ കൂട്ടായ്‌മ ആരംഭിച്ചത്. കേരള സർക്കാരിൻ്റെ ഹരിത കേരള മിഷൻ മുന്നോട്ടുവച്ച വൃത്തി, വെള്ളം, വിളവ്, എന്നീ കാഴ്ചപ്പാടുകളെ മുൻനിർത്തി വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒന്നായി ചേർന്നതിന്റെ ഭാഗമായ ചരിത്രനേട്ടമാണ് നദീ പുനർ സംയോജനത്തിലൂടെ കോട്ടയം ജില്ല കൈവരിച്ചത്.

തരിശായി കിടന്ന 5600 ഏക്കർ നെൽപാടങ്ങൾ കൃഷിയോഗ്യമാക്കിയും 1650 കി. മീറ്റർ തോടുകളും പുഴകളും തെളിച്ചെടുത്തും പദ്ധതി മുന്നേറി. തൊഴിലുറപ്പ് പദ്ധതിയെ ജലാശയങ്ങൾ തെളിക്കാൻ ഇടപെടുത്തിയതിലൂടെ കേന്ദ്ര സർക്കാർ ദേശീയ ജല ശക്തി പുരസ്‌കാരം രണ്ടു തവണ കോട്ടയം ജില്ലക്ക് നൽകി. അഞ്ചു ജല ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിച്ചതിൽ മലരിക്കൽ ആമ്പൽ വസന്തം ലോകപ്രശസ്തമായി. 

വിജയകരമായ പ്രളയ രഹിത കോട്ടയം പദ്ധതി പുതിയ മുന്നേറ്റം കൈവരിക്കുന്നു. മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കം ചെയ്ത് വെള്ളൂരിലെ കേരളാ റബ്ബർ ലിമിറ്റഡിന്റെ സ്ഥലം വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പായൽ നിറഞ്ഞ് ഗതാഗതം മുടങ്ങിയ കൊടൂരാർ ജനപങ്കാളിത്തത്തോടെ തെളിച്ചെടുത്തത് ജനകീയ കൂട്ടായ്മ‌യാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K