05 April, 2025 06:55:27 PM


മാലിന്യമൊഴിഞ്ഞ് കോട്ടയം ജില്ല; തിങ്കളാഴ്ച പ്രഖ്യാപനം



കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി തിങ്കളാഴ്ച (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ  സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച്  നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മൽസരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്യും.

വൈകിട്ട് അഞ്ചിന് നടക്കുന്ന മാലിന്യമുക്ത പ്രഖ്യാപനസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ശുചിത്വ സന്ദേശം നൽകും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്  സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ എം.പിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹൈമി ബോബി, പി.ആർ. അനുപമ, മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്ക്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സി.കെ.സി.എൽ. ജില്ലാ കോ ഓർഡിനേറ്റർ ജിഷ്ണു ജഗൻ, കെ.എസ്. ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോ ഓർഡിനേറ്റർ റീനു ചെറിയാൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ എന്നിവർ പങ്കെടുക്കും.

കോട്ടയം: മാലിന്യമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിലേക്കെത്തുമ്പോൾ സഫലമാകുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഏകോപനത്തിന്റെയും വിജയം. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിതകേരളം, നവകേരളം കർമപദ്ധതി, കില, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കെ.എസ്.ഡബ്ല്യു.എം.പി.  എന്നിവരെല്ലാം ഒറ്റ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു നീങ്ങിയപ്പോൾ വിജയം അനായാസമായി. നിരന്തരമായ ബോധവത്കരണവും പ്രചാരണപ്രവർത്തനങ്ങളും ജനങ്ങളുടെ മനോഭാവത്തിലുണ്ടാക്കിയ മാറ്റം വളരെ വലുത്. പാതയോരങ്ങളിലും പൊതുവിടങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വലിച്ചെറിയുന്നതു നന്നേ കുറഞ്ഞു. ഹരിതകർമസേന വഴി വീടുകളിൽനിന്നുള്ള മാലിന്യം നേരിട്ടുശേഖരിച്ചപ്പോൾ നാടിനുലഭിച്ച ആശ്വാസം വളരെ വലുത്. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കാൻ തുടങ്ങിയതോടെ നാടിന്റെ മുഖച്ഛായതന്നെ മാറി. പിന്നെയും മാലിന്യം വഴിയിലും തോട്ടിലും തള്ളിയവർക്ക് കനത്ത പിഴയടയ്ക്കേണ്ടിവന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923