15 April, 2025 02:00:10 PM
പോലീസിന്‍റെ മുന്നറിയിപ്പ് ബോർഡിന് പുല്ല് വില; കാരിത്താസ് ആശുപത്രിയുടെ പാർക്കിംഗ് നടുറോഡിൽ

ഏറ്റുമാനൂർ : തെളളകം - പേരൂർ കണ്ടംചിറ റോഡിൽ കാരിത്താസ് ആശുപത്രിക്ക് സമീപം റോഡിന്റെ ഇരുവശത്തും അനധികൃത പാർക്കിംഗ്. പോലീസിന്റെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചാണ് പാർക്കിംഗ്. ഇതുമൂലം ഇവിടെ വൻ ഗതാഗത കുരുക്ക് സ്ഥിരം കാഴ്ചയായി.
കാരിത്താസ് ആശുപത്രിയിൽ വരുന്ന രോഗികളുടെയും ജോലിക്കാരുടെയും സന്ദർശകരുടെയും വാഹനങ്ങളാണ് റോഡ് നീളെ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നത്. ഒപ്പം ആംബുലൻസുകളും കാണാം. റോഡിൽ ഉടനീളം പാർക്കിംഗ് നിരോധിച്ചിരിക്കുന്നെന്ന പോലീസിന്റെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിൽ ആശുപത്രിയുടെ പാർക്കിംഗ് ബോർഡുകളും പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള ദിശാ ബോർഡുകളും കാണാം.
പൊതുഗതാഗതം തടസപ്പെടുത്തിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും ആശുപത്രി അധികൃതരുടെ ഒത്താശയോടെ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന് നേരെ പോലീസും കണ്ണടക്കുകയാണെ ന്നാണ് നാട്ടുകാരുടെ പരാതി.