01 February, 2024 09:17:17 PM
പാലായിലെ എയർപോഡ് വിവാദം: സിപിഎം കൗൺസിലറിനെതിരെ സഹ കൗൺസിലറുടെ പരാതി
എയർപോഡ് എടുത്തത് സിപിഎം കൗൺസിലർ ബിനുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന 75ലേറെ തെളിവുകൾ പോലീസിന് കൈമാറി കേരളാ കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാംകുഴി. ബിനു തിരുവനന്തപുരത്തും മൂന്നാറിലും വാഗമണ്ണിലും എയർപോഡ് ഉപയോഗിച്ചതിന് തെളിവുകൾ ? പരാതിയായതോടെ സിപിഎമ്മും സമ്മർദ്ദത്തിൽ !
പാലാ: നഗരസഭയിലെ എയർ പോഡ് വിവാദത്തിൽ സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിലിനെതിനെതിരെ തെളിവ് സഹിതം പരാതി നൽകി സഹ കൗൺസിലർ ജോസ് ചീരാംകുഴി. ബിനു പുളിക്കകണ്ടം തന്‍റെ എയർപോഡ് മോഷ്ടിച്ചെന്ന് കാട്ടിയാണ് കേരളാ കോൺഗ്രസ് എം കൗൺസിലർ ആയ ജോസ് ചീരാംകുഴിയുടെ പരാതി. ബിനു എയർപോഡ് മോഷ്ടിച്ചുവെന്ന ആരോപണത്തിൽ 75 ലേറെ ശാസ്ത്രീയ തെളിവുകളും ജോസ് ചീരാംകുഴി തന്‍റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി വ്യക്തിപരമാണെന്നും രാഷ്ട്രീയം കലർത്തേണ്ടെന്നും ജോസ് ചീരാംകുഴി പറഞ്ഞു. 2023 ഒക്ടോബർ നാലിന് നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ജോസിന്‍റെ എയർപോഡ് കാണാതായത്. ജോസ് അന്വേഷിച്ചപ്പോൾ ബിനു എയർപോഡ് കണ്ടില്ലെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ ബിനുവിന്‍റെ മുരിക്കുംപുഴ പാറപ്പള്ളി റോഡിലെ വീട്ടിൽ 8 ദിവസം എയർപോഡ് ഉണ്ടായിരുന്നതിന്‍റെ ശാസ്ത്രീയ തെളിവ് അടക്കം ആണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്.
ബിനുവിന്‍റെ പേരിലുള്ള 9447111218, 9846111218 എന്നീ നമ്പരുകളിൽ എയർപോഡ് ഉപയോഗിച്ചതായും പരാതിക്ക് ഒപ്പം ഹാജരാക്കിയ തെളിവുകളിൽ പറയുന്നുണ്ട്. പരാതിയും തെളിവും വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലാകുകയാണ്. തങ്ങളുടെ കൗൺസിലറെ പുറത്താക്കാതെ മറ്റു വഴിയില്ലെന്ന സ്ഥിതിയിലേക്ക് എത്തുകയാണ് സിപിഎം. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എം നേതാക്കൾക്കെതിരെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന ബിനു ഇടതു മുന്നണിയുടെ കെട്ടുറപ്പിനു വിഘാദമായ നിലപാടുകളാണ് ഏറെ നാളുകളായി തുടരുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.