18 March, 2024 08:05:22 PM


ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് വിലക്ക്



കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകൾ, വാളുകൾ, ലാത്തികൾ തുടങ്ങിയ പൊതുജനങ്ങൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്.  തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലുവരെ വിലക്ക് തുടരും. വിലക്കു ലംഘിക്കുന്നവർ ഐ.പി.സി. 188 പ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. ക്യാഷ് ചെസ്റ്റുകൾ സൂക്ഷിക്കുന്നതിനാൽ സുരക്ഷ ആവശ്യമുള്ള ദേശസാൽകൃത/സ്വകാര്യ ബാങ്കുകൾ, തോക്കുപയോഗിച്ച് കായികഇനങ്ങളിൽ പങ്കെടുക്കുന്ന, ദേശീയ റൈഫിൾസ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കായികതാരങ്ങൾ എന്നിവർക്ക് ഈ വിലക്ക് ബാധകമല്ല. നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുള്ള സമുദായങ്ങൾക്കും ഈ വിലക്ക് ബാധകമായിരിക്കില്ല എന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിൽ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K