16 April, 2024 05:08:53 PM


പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു- കെ.സുരേന്ദ്രൻ



കോട്ടയം: പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും എന്താണ് പങ്ക്? സഹകരണ ബാങ്കുകളിൽ നിന്നും സിപിഎം നേതാക്കൾ കൊള്ളയടിച്ച പണം എങ്ങോട്ട് പോയി? ഈ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.

സിപിഎമ്മിന്റെ കള്ളപ്പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ടുകളെ പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ല. സഹകരണബാങ്കുകളിൽ നിന്നും സിപിഎം നേതാക്കൾ തട്ടിയെടുത്ത പണം പിടിച്ചെടുത്ത് നിക്ഷേപകർക്ക് തിരിച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പ്രധാനമന്ത്രിയെ അല്ല സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച സാധാരണ മനുഷ്യരെയാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്. ഇരകളുടെ പണം തിരിച്ചുകൊടുക്കേണ്ടയാളാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി ചെയ്യുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. പണം നഷ്ടമായവർക്ക് അത് തിരിച്ചുകിട്ടും.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയും മകളും എങ്ങനെ പ്രതിക്കൂട്ടിലായി എന്നതിന് മറുപടി പറയാതെ എൻഡിഎയെ വിമർശിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടപടലം പരാജയപ്പെട്ടയാളാണ് ബിജെപിയുടെ ഭാവി പ്രവചിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്. ഇണ്ടി മുന്നണി കേരളത്തിലേക്കും വ്യാപിപ്പിക്കാനാണോ പിണറായി വിജയന്റെ ശ്രമമെന്നും സുരേന്ദ്രൻ ചോദിച്ചു. 

നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കോൺ​ഗ്രസ് ചങ്ങാത്തമുണ്ടാക്കിയപ്പോൾ പിഡിപിയുമായി ഇടതുപക്ഷം സഖ്യം ചേർന്നു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിരിക്കുന്നു. വർ​ഗീയ സംഘടനകളുമായി സഖ്യമുണ്ടാക്കാൻ കോൺ​ഗ്രസും സിപിഎമ്മും മത്സരിക്കുകയാണ്. വിദേശത്ത് കുടുങ്ങിപ്പോയ മലയാളിയെ മോചിപ്പിക്കാനായി മലയാളികൾ ഒന്നിച്ചു നിന്നത് ഒരുകൂട്ടരുടെ വിജയമാണെന്നാണ് രാഹുൽ ​ഗാന്ധി പറയുന്നത്. നീചമായ പ്രവൃത്തിയാണിത്. മുഖ്യമന്ത്രി ഒരു വശത്ത് വർ​ഗീയത പറയുമ്പോൾ മറുവശത്ത് രാഹുലും വർ​ഗീയത ആളിക്കത്തിക്കുകയാണ്. എൻഡിഎ മോദിയുടെ ​ഗ്യാരന്റി മാത്രമാണ് ചർച്ച ചെയ്യുന്നത്.

ലൈഫിനെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നുണ്ട്. കേരളത്തിന്റെ ഭവനനിർമ്മാണ പ്രവൃത്തിയിൽ കേന്ദ്രവിഹിതത്തെ പറ്റി മുഖ്യമന്ത്രി പറയണം. ജൽജീവൻ മിഷനെ പറ്റിയും ദേശീയപാത വികസനത്തെ കുറിച്ചും പറയുന്ന മുഖ്യമന്ത്രി അതിലെല്ലാം കേരളത്തിന്റെ വിഹിതം എത്രയെന്ന് പറയണം. കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളിക്കളഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ മുഖ്യമന്ത്രി അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്.

കേരളത്തിലെ ജനങ്ങളുടെ ഭാവിയും ജീവിക്കാനുള്ള അവകാശവും ചോദ്യം ചെയ്യുകയാണ് യുഡിഎഫും എൽഡിഎഫും ചെയ്യുന്നത്. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിത്വം ഇരുകൂട്ടർക്കുമാണ്. രാഹുൽ​ഗാന്ധി പിണറായി വിജയനെ വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. അഴിമതിക്കാരെ തുറങ്കിലടയ്ക്കുമെന്നത് മോദി ​ഗ്യാരന്റിയാണ്. അതാണ് മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയ്ക്ക് കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K