04 August, 2024 08:31:08 PM


മൃതദേഹവുമായി രക്ഷാപ്രവർത്തകർ സൂചിപ്പാറ വനത്തിൽ കുടുങ്ങി; സംഘത്തിൽ പതിനെട്ട് പേർ



കൽപ്പറ്റ: മലപ്പുറം നിലമ്പൂർ പോത്തുക്കല്ലിൽ നിന്നും രക്ഷാപ്രവർത്തനത്തിനെത്തിയ സംഘം സൂചിപ്പാറയ്ക്കടുത്ത് കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള വനത്തിൽ കുടുങ്ങി. പതിനെട്ടംഗ സംഘമാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ ഒരു മൃതദേഹവും ഇവരുടെ പക്കലുണ്ട്. വനത്തിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് എസ് പിയെ ഫോണിൽ വിളിച്ച് അറിയിച്ചു. കാന്തൻപാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് മാറിയെന്നും ആഹാരവും വെള്ളവും വെളിച്ചവുമുണ്ടെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് മരത്തിൽ കെട്ടിവെച്ചിരിക്കുകയാണ്. മൃതദേഹം നാളെ എയർ ലിഫ്റ്റ് ചെയ്യും.

രാവിലെ എട്ടുമണിക്ക് പുറപ്പെട്ട സംഘത്തിലെ നാല് പേർ നീണ്ട തിരച്ചിലിനിടയിൽ അവശരായി. പതിനഞ്ചു കിലോമീറ്ററുകളോളമാണ് ഇവർ വനത്തിലൂടെ സഞ്ചരിച്ചത്. നേരം ഇരുട്ടിയത് കൊണ്ട് തന്നെ ഇന്ന് ഇവരെ എയർ ലിഫ്റ്റിങ് ചെയ്യാൻ സാധ്യമല്ലെന്നും ഈ രാത്രി ചിലപ്പോൾ അവർ അവിടെ തന്നെ തുടരേണ്ടി വരുമെന്നും വനപാലകർ പറഞ്ഞിരുന്നു. ആവശ്യമായ ഭക്ഷണമെത്തിച്ച് സൈന്യത്തിന്റെ സഹായത്തോടെ നാളെ ഇവരെ തിരിച്ചെത്തിക്കാനാണ് തീരുമാനം. നിലമ്പൂരിൽ നിന്നും രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് ഇന്നലെയും കുടുങ്ങിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K