21 April, 2025 12:07:50 PM
കാക്കനാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃക്കാക്കര: കാക്കനാട് പൊയ്യച്ചിറ കുളത്തിൽ മദ്യപിച്ച് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാക്കനാട് ഇടച്ചിറ പാട്ടു പറമ്പിൽ ജോർജ് ദീപക് (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം. കാക്കനാട് ജോർജ് ദീപക് നടത്തുന്ന ഹോസ്റ്റലിലെ താമസക്കാരായ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. മൂന്നു പേരും കുളത്തിനരികിൽ ഇരുന്നു മദ്യപിച്ച ശേഷം കുളത്തിൽ ഇറങ്ങി. ജോർജ് ദീപകിന് നീന്തൽ അറിയില്ലായിരുന്നു.
മുങ്ങി താഴ്ന്ന ജോർജ് ദീപകിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഒരു മണി വരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് വിവരം അറിഞ്ഞ് എത്തിയ ജോർജിൻ്റെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വെളുപ്പിന് 4 ന് കുളകടവിൽ നിന്നും മൃതദേഹം കിട്ടിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.