24 April, 2025 05:51:05 PM
ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്.
ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികിൽ പാർക്ക് ചെയ്തത്. യാത്രയ്ക്കായി കൂടുതലും ബൈക്ക് ഉപയോഗിച്ചിരുന്ന റോബർട്ട് പിന്നീട് ഇതുവരെ കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല. കാറിന് സമീപത്തുനിന്ന് രൂക്ഷമായി ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാറിനകത്ത് മൃതശരീരം കണ്ടു. കാറ് ലോക്ക് ചെയ്യാത്ത രീതിയിലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.