26 January, 2024 01:12:09 PM


ഭരണഘടനാതത്ത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നത് ഭയമുളവാക്കുന്നു- മന്ത്രി വാസവൻ



കോട്ടയം: ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറൽ സംവിധാനങ്ങൾക്കു വെല്ലുവിളി ഉയരുന്നതും സ്ഥിതി സമത്വം അട്ടിമറിക്കപ്പെടുന്നതും അത്യന്തം ഭയാജനകമാണെന്ന്  മന്ത്രി വി.എൻ. വാസവൻ.  എഴുപത്തിയഞ്ചാം റിപബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷത്തിൽ റിപബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഏതുമതത്തിൽ പിറന്നുവെന്നതല്ല എങ്ങനെ ചിന്തിക്കുന്നു എന്നതാണ് പ്രധാനം. വർഗീയ ചിന്തകൾക്കെതിരേ മതനിരപേക്ഷത ഉയർത്തിപ്പിക്കാനാവണം.  വർഗീയത ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായായലും അപകടമാണ്. മതാധിഷ്ഠിധ ചിന്താഗതിയുമായി ആധിപത്യം സഥാപിക്കാൻ വരുന്നവർ ഭരണഘടനയോടാണു വെല്ലുവിളി ഉയർത്തുന്നത്. രാജ്യം മതത്തിന്റെ പേരിൽ സംഘർഷഭരിതമാകരുത്. 

ആചാരനുഷ്ഠാനങ്ങളുടെ പേരിൽ വെല്ലുവിളി ഉയർത്തുന്ന നിലയിലേക്കു മാറുകയുമരുത്. 
എഴുപത്തിയഞ്ചാം റിപബ്ലിക് ദിനത്തിലേക്ക് കടക്കുമ്പോൾ കേരളം അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാനായ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നിതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കിലും അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ശേഷിക്കുന്നവരെ കൂടി ഏറ്റെടുത്ത് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്തസംസ്ഥാനമാകാൻ പോവുകയാണ് നമ്മൾ. അതിദാരിദ്ര്യം തുടച്ചുനീക്കൽ രാജ്യം അതിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാക്കണം. കിടപ്പാടമില്ലാത്തവന് കിടപ്പാടം ലഭിക്കുന്നതിലേക്കു പുരോഗമനം എത്തിയാൽ റിപബ്ലിക്കിന്റെ അർഥം അവനു മനസിലാകുമെന്നും മന്ത്രി പറഞ്ഞു. 

രാവിലെ 9.00 മണിക്ക് ദേശീയ പതാക ഉയർത്തിയശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. 22 പ്ലാറ്റൂണുകളാണ് റിപബ്ലിക് ദിന പരേഡിൽ അണിനിരന്നത്. കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ടി. ശ്രീജിത്തായിരുന്നു പരേഡ് കമാൻഡർ. റിപബ്ലിക് ദിന സന്ദേശത്തിനു ശേഷം പരേഡിൽ മുന്നിലെത്തിയവർക്കുള്ള ട്രോഫികളും മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. 

പരേഡിൽ പുരസ്‌കാരത്തിന് അർഹരായ പ്ലാറ്റൂണുകൾ: യൂണിഫോം സേനകളിൽ കേരള സിവിൽ പോലീസ് ഒന്നാം പ്ലാറ്റൂൺ ഒന്നാം സ്ഥാനത്തിനും എക്‌സസൈസ് രണ്ടാം സ്ഥാനത്തിനും അർഹരായി. കേരള സിവിൽ പോലീസ് ഒന്നാം പ്ലാറ്റൂണിനെ നയിച്ച കോട്ടയം ഹെഡ്ക്വാട്ടേഴ്‌സ് റിസർവ് സബ് ഇൻസ്‌പെക്ടർ ബിറ്റു തോമസ് ആണ് മികച്ച പ്ലാറ്റൂൺ കമാൻഡർ. 

എൻ.സി.സി. സീനിയർ ഡിവിഷൻ ബോയ്‌സിൽ ബസേലിയസ് കോളജ് കോട്ടയം ഒന്നും കോട്ടയം എം.ഡി. എച്ച്.എസ്.എസ്. രണ്ടും സ്ഥാനം നേടി. എൻ.സി.സി. സീനിയർ ഡിവിഷൻ പെൺകുട്ടികളിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. ഒന്നും കോട്ടയം ബസേലിയോസ് കോളജ് രണ്ടും സ്ഥാനം നേടി. എൻ.സി.സി. ജൂനിയർ ഡിവിഷനിൽ വടവാതൂർ ജവഹർ നവോദയ പെൺകുട്ടികൾ ഒന്നും വടവാതൂർ ജവഹർ നവോദയ ആൺകുട്ടികൾ രണ്ടും സ്ഥാനംനേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ ഏറ്റുമാനൂർ എം.ആർ.എസ്. (പെൺകുട്ടികൾ )ഒന്നും കോട്ടയം മൗണ്ട് കാർമൽ(പെൺകുട്ടികൾ) രണ്ടും സ്ഥാനം നേടി. സ്‌കൗട്ട് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി സ്‌കൂൾ ഒന്നാം സ്ഥാനവും പള്ളം സി.എം.എസ്. ഹൈസ്‌കൂൾ രണ്ടും സ്ഥാനം നേടി. ഗൈഡ്‌സ് വിഭാഗത്തിൽ  കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്. ഒന്നും കോട്ടയം മൗണ്ട് കാർമേൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി.  ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമേൽ ജി.എച്ച്.എസ്. (പെൺകുട്ടികൾ) ഒന്നും കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്. (ആൺകുട്ടികൾ) രണ്ടും സ്ഥാനം നേടി.  ബാൻഡ് പ്ലാറ്റൂണുകളിൽ കോട്ടയം മൗണ്ട് കാർമേൽ ജി.എച്ച്.എസ്. ഒന്നും കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂൾ രണ്ടും സ്ഥാനം നേടി. 

പ്ലാറ്റൂണുകൾക്ക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ പ്രത്യേക പുരസ്‌കാരത്തിന് കോളജ് തലത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസിലെ എൻ.സി.സി. സീനിയർ ഡിവിഷൻ പെൺകുട്ടികൾ ഒന്നാം സ്ഥാനത്തിനും കോട്ടയം ബസേലിയോസ് കോളജ് എൻ.സി.സി. സീനിയർ ഡിവിഷൻ പെൺകുട്ടികൾ രണ്ടാം സ്ഥാനത്തിനും അർഹരായി. സ്‌കൂൾ തലത്തിലെ മൗണ്ട് കാർമൽ ജി.എച്ച്.എസിലെ ഗൈഡ്‌സ് പ്ലാറ്റൺ ഒന്നാം സ്ഥാനത്തിനും വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ എൻ.സി.സി. ജൂനിയേഴ്‌സ് രണ്ടാംസ്ഥാനത്തിനും അർഹരായി. ഔദ്യോഗികചടങ്ങുകൾക്കുശേഷം സാംസ്‌കാരിപരിപാടികളും അരങ്ങേറി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി,  കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം. ജി. നിർമൽ കുമാർ, പാലാ ആർ ഡി ഒ പി.ജി. രാജേന്ദ്ര ബാബു എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K