27 January, 2024 04:51:47 PM
31 വര്‍ഷത്തെ ഇടവേള: ജോണി നെല്ലൂര്‍ വീണ്ടും കേരള കോണ്‍ഗ്രസ് - എമ്മിലേക്ക്
കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് (എം)ൽ അംഗമായി. ഇന്ന് രാവിലെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ വീട്ടിലെത്തിയ ജോണി നെല്ലൂരിന് പാർട്ടി അംഗത്വം നൽകി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍, യുഡിഎഫ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളിലെ ഒന്നാമനാണ് ജോണി നെല്ലൂര്‍. ടിഎം ജേക്കബ്ബും പിന്നീട് മകന്‍ അനൂപ് ജേക്കബ്ബും മന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ രണ്ടു പതിറ്റാണ്ടുകാലം ആ പാര്‍ട്ടിയെ നയിച്ചു.
31 വര്‍ഷങ്ങള്‍ക്കു ശേഷം മാതൃസംഘടനയായ കേരള കോണ്‍ഗ്രസ് - എമ്മിലേയ്ക്കുള്ള മടങ്ങിവരവിനെ ബൈബിളിലെ ധൂര്‍ത്ത പുത്രന്‍റെ ഉപമയോട് താരതമ്യപ്പെടുത്തിയാണ് ജോണി നെല്ലൂരിന്‍റെ ആദ്യ പ്രതികരണം. 93 ലാണ് താന്‍ കെഎം മാണിയുടെ പാര്‍ട്ടിയെ വിട്ട് പുറത്തു പോകുന്നത്.
'പിതൃ ഗൃഹത്തി'ല്‍ നിന്ന് സ്വത്തെല്ലാം വാങ്ങി പുറത്തുപോയി ധൂര്‍ത്തടിച്ച് എല്ലാം തകര്‍ന്നപ്പോള്‍ പിതൃഭവനത്തെക്കുറിച്ച് ചിന്തിക്കുകയും സഹോദരന്മാരുടെയൊക്കെ ജീവിതാവസ്ഥയെക്കുറിച്ച് ആലോചിക്കുകയും ചെയ്ത് ഒടുവില്‍ തിരികെ വന്ന ബൈബിളിലെ ധൂര്‍ത്ത പുത്രനേപ്പോലെയാണ് താനെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
ജോസഫ് ഗ്രൂപ്പിൽ അതൃപ്തരായ നേതാക്കൾ ഇനിയും ഉണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. അവരെയും മാതൃസംഘടനയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.
ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയശേഷം ജോസ് കെ മാണി പ്രതികരിച്ചു.
ഇനിയും പല നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങി വരും. ജോണി നെല്ലൂരിൻ്റെ മടങ്ങി വരവ് പാർട്ടിക്ക് കരുത്താകും. യുഡിഎഫിൻ്റെ ഭാഗമായിരുന്നയാൾ എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ അത് വലിയ സന്ദേശമാണ് നല്കുന്നത്. ഉചിതമായ പദവി ജോണി നെല്ലൂരിന് നല്കും. ജോണി വർഷങ്ങൾക്ക് മുൻപ് തന്നെ മടങ്ങി വരാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴാണ് എത്തിയതെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.