05 February, 2024 08:44:24 AM


ഏറ്റുമാനൂർ ക്ഷേത്രത്തിലെ കൊടിക്കൂറ, കോടിക്കയർ ഘോഷയാത്ര ഉത്സവചടങ്ങല്ല - കോടതി




കൊച്ചി : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ഏതാനും വർഷങ്ങളായി നടന്നുവരുന്ന കൊടിക്കൂറ, കോടിക്കയർ ഘോഷയാത്ര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ചടങ്ങായി പരിഗണിക്കാനാവില്ലെന്ന് ഹൈകോടതി. ഒരു ഭക്തന്‍ നല്‍കിയ പരാതിയില്‍ സ്വമേധയാ കേസെടുത്തുകൊണ്ടായിരുന്നു കോടതി ഉത്തരവ്.


കൊടിക്കൂറ നിര്‍മിക്കുന്ന ചെങ്ങളം വടക്കത്തില്ലത്തു നിന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നേരിട്ട് എത്തി ഇവ ഏറ്റുവാങ്ങണമെന്നും ഉപദേശക സമിതിയുടെയും ഭക്തരുടെയും സഹകരണത്തോടെ അഡ്വ. കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രത്തില്‍ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൊടിക്കൂറ, കോടിക്കയർ സമര്‍പ്പണം ഉൾപ്പെടെ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും പരിപാടികളിലും വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.


സംഘടനകളോ വ്യക്തികളോ നോട്ടീസ് ഇറക്കുകയോ പണപ്പിരിവ് നടത്തുകയോ ചെയ്യരുതെന്നും നിർദേശിച്ചു. ഭക്തരുടെ സംഭാവന ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നേരിട്ട് ഏൽപ്പിക്കണമെന്നും രസീത് നൽകണമെന്നും ഉത്തരവിലുണ്ട്.


കൊടിക്കൂറ സമർപ്പണവുമായി ബന്ധപ്പെട്ട് 2015 ൽ മാനദണ്ഡം ഹൈക്കോടതി പുറപ്പെടുവിപ്പിച്ചിരുന്നു. ഇത് പാലിക്കുന്നില്ലെന്നും ഭക്തന്റെ പരാതിയിൽ പറയുന്നു. ഒരു ഭക്തനു ഒരു തവണയേ കൊടിക്കൂറ സമർപ്പണത്തിന് അവകാശമുള്ളുവെന്നും എന്നാൽ 5 വർഷം മുൻപ് കൊടിക്കൂറ സമർപ്പിച്ച ഭക്തനു തന്നെ ചട്ടം മറികടന്ന് വീണ്ടും അനുമതി നൽകിയെന്നുമാണ് പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചത്.


അഡ്വക്കറ്റ് കമ്മിഷണർ വഴിപാട് സമർപ്പണത്തിന്‍റെ റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ഫെബ്രുവരി 7ന് നടത്താനിരുന്ന കൊടിക്കൂറ കോടിക്കയർ സമർപ്പണം 8-ആം തീയതിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K