07 November, 2024 09:25:45 AM
ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ വേണ്ട; മാര്‍ഗ നിര്‍ദേശവുമായി തന്ത്രി
പത്തനംതിട്ട: തീർഥാടകർ ഇരുമുടിക്കെട്ടിൽ അനാവശ്യസാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോർഡും അഭ്യർഥിച്ചു. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തുനൽകി. ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയിൽ ഉപയോഗിക്കുന്നില്ലെന്ന് തന്ത്രി കത്തിൽ വ്യക്തമാക്കി.
ഇരുമുടിക്കെട്ടിൽ രണ്ട് ഭാഗങ്ങളാണുള്ളത്. മുൻകെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണപദാർഥങ്ങളും. മുൻകെട്ടിൽ ഉണക്കലരി, നെയ്‌ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് (പൊന്ന്/ നാണയം) എന്നിവ മാത്രംമതി. മുമ്പ് കാൽനടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണമൊരുക്കാൻ അരി, നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. ഇപ്പോൾ അതിന്റെ ആവശ്യമില്ല. പിൻകെട്ടിൽ കുറച്ച് അരിമാത്രം കരുതിയാൽമതിയെന്നും കത്തിൽ പറയുന്നു. ഇത് ശബരിമലയിൽ സമർപ്പിച്ച് വെള്ളനിവേദ്യം വാങ്ങാം. തീർഥാടകർ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്കുള്ളത് പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തന്ത്രി കത്ത് നൽകിയത്.
ക്ഷേത്രങ്ങൾക്ക് നിർദേശം നൽകും: പ്രസിഡന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള 1252 ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്കുമ്പോൾ ശബരിമല തന്ത്രിയുടെ നിർദേശം പാലിക്കാനാവശ്യപ്പെട്ട് ഗുരുസ്വാമിമാർക്ക് കത്തുനൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതായി പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമല തന്ത്രി കണ്ഠര് രാജീവര് ബോർഡിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്. കേരളത്തിലെ മറ്റ് ദേവസ്വം ബോർഡുകളുടെ അധ്യക്ഷർ, കമീഷണർമാർ, എഒമാർ തുടങ്ങിയവരെയും തന്ത്രിയുടെ നിർദേശം അറിയിക്കും. ശബരിമല തന്ത്രി പറഞ്ഞിരിക്കുന്ന സാധനങ്ങൾ മാത്രമേ ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താവൂ എന്ന് പ്രസിഡന്റ് തീർഥാടകരോട് അഭ്യർഥിച്ചു.