05 October, 2024 07:20:20 PM


കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ എട്ടു മുതല്‍ 12 വരെ; സംഘാടക സമിതി രൂപീകരിച്ചു



പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം നവംബര്‍ എട്ടു മുതല്‍ 12 വരെ തീയതികളിലായി (അഞ്ചു ദിവസം) നടക്കും. ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച  വേദിലാണ് സംഗീതോത്സവം നടക്കുക.


സംഗീതോത്സവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കണം സംഗീതോത്സവം നടത്തേണ്ടതെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി, പ്രോഗ്രാം കമ്മിറ്റി, ഫിനാന്‍സ് കം സ്പോണ്‍സര്‍ഷിപ്പ്  കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, സെക്യൂരിറ്റി കമ്മിറ്റി തുടങ്ങി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. ജില്ലാ കളക്ടര്‍ ചെയര്‍മാനും പി.എന്‍ സുബ്ബരാമന്‍ ജനറല്‍ കണ്‍വീനറുമാണ്.

മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടി, എം.ബി രാജേഷ്, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, കല്‍പ്പാത്തി ഉള്‍പ്പെടുന്ന പ്രദേശത്തെ തദ്ദേശ ജനപ്രതിനിധികള്‍, ഡി.ടി.പിസി അംഗങ്ങള്‍ തുടങ്ങിയവര്‍ സംഘാടക സമിതിയിലെ രക്ഷാധികാരികളാണ്. കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ എസ്. ശ്രീജിത്ത്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്‌ വി സിൽബർട്ട് ജോസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931