16 November, 2024 08:54:07 AM
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ വന്‍ ഭക്തജന തിരക്ക്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെ നട തുറന്നു. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കും.
അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഇന്ന് നല്ല തിരക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ബാച്ച് ഭക്തര്‍ ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് തീര്‍ത്ഥാടനം ആരംഭിച്ചു.