10 October, 2024 09:49:12 AM


വിശേഷാൽ വിദ്യാരംഭത്തിന് ഒരുങ്ങി ആവണംകോട് സരസ്വതി ക്ഷേത്രം



നെടുമ്പാശേരി: ആദി ശങ്കരാചാര്യർ ഹരിശ്രീ കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായുള്ള പൂജവയ്‌പ് ഇന്ന്. നാളെ മഹാനവമിയും 13ന് വിജയദശമി ആഘോഷങ്ങളും നടക്കും. വിദ്യാദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും വിദ്യാരംഭം നടക്കുന്നുണ്ട്. വിജയദശമി ദിനത്തിൽ വിശേഷാൽ വിദ്യാരംഭം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്താം. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാം. ബുക്കിങ് ലിങ്ക് ക്ഷേത്രം  വെബ്സൈറ്റിൽ ലഭ്യമാണ്. ബുക്കിങ് ഇല്ലാതെ നേരിട്ടെത്തിയും വിദ്യാരംഭം നടത്താം. സമയം രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ്. പതിനഞ്ചോളം ആചാര്യന്മാർ നേതൃത്വം നൽകും.

നൃത്ത-സംഗീതോത്സവത്തിൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് മധുരൈ ശിവ ഗണേഷി ൻ്റെ കച്ചേരി നാളെ രാവിലെ 7.45ന് തൃപ്പൂണിത്തുറ പത്മവർമ അവതരിപ്പിക്കുന്ന വീണക്കച്ചേരി, 12ന് രാവിലെ 8ന് സി.എസ്.സജീവ്, 13ന് രാവിലെ 8ന് പ്രീതി സതിഷ് എന്നിവരുടെ കച്ചേരി. റജിസ്‌റ്റർ ചെയ്ത അറുനൂറോളം കുട്ടികളുടെ സംഗീതാരാധനയും നൃത്താരാധനയും നടക്കുന്നുണ്ട്. 13 ന് വൈകിട്ട് പഞ്ചരത്ന കീർത്തന ആലാപനത്തോടെ നൃത്ത, സംഗീതോത്സവത്തിന് സമാപനമാകും നവരാത്രി ഉത്സവ ത്തോടനുബന്ധിച്ചു പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ 13ന് രാവിലെ കേന്ദ്രീയ സംസ്കൃത വിദ്യാലയത്തിൽ നിന്ന് എംഎ സംസ്‌കൃത വേദാന്തത്തിൽ ഒന്നാം റാങ്ക് നേടിയ കപ്രശേരി സ്വദേശി പാർവതി മനോജിനെയും മ്യൂറൽ ചിത്ര രചന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച യുവ കലാകാരി ആവണംകോട് സ്വദേശി എം ഡി ദേവികയെയും അനുമോദിക്കും. 

വിശാലമായ പന്തൽ, ക്യു സംവിധാനങ്ങൾ ഫസ്റ്റ് എയ്ഡ്‌ സംവിധാനവും രാത്രി പ്രസാദ ഊട്ടും ഉണ്ട്. ഉത്സവത്തിന്‍റെ ഭാഗമായി തന്ത്രിയുടെ നേതൃത്വത്തിൽ ദിവസവും ലക്ഷാർച്ചന, ദുർഗ പൂജ, സരസ്വതി പൂജ, സാരസ്വത മന്ത്രം ജപിച്ച നെയ്യ് ക്ഷേത്രത്തിൽ ലഭ്യമാണ്. ഈ ക്ഷേത്രത്തിന്‍റെ  മാത്രം പ്രത്യേകതയായ നാവ് - മണി - നാരായം സമർപ്പണത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് -9846151002


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946