31 January, 2025 08:49:40 AM


ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് വസന്ത പഞ്ചമി



ആലുവ: ശങ്കരാചാര്യർ ഹരിശ്രീ കുറിച്ച നെടുമ്പാശേരി ആവണംകോട് സ്വയംഭു സരസ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് വസന്ത പഞ്ചമി ആഘോഷം നടക്കുന്നു. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയാ യി ആഘോഷിക്കുന്നത്.

വിദ്യാദേവതയായ സരസ്വതി ദേവിയെ ഭാരതം മുഴുവൻ പൂജിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിയുടെ പിറന്നാൾ കുടിയാണിത്. കേരളത്തിൽ പുരാതനമായ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ മാത്രമാണ് ഈ ആഘോഷം നടക്കുന്നത്. പ്രയാഗ് രാജിൽ നടക്കുന്ന കുംഭ മേളയിൽ 4 പ്രധാന സ്നാന മുഹൂർത്തങ്ങളിൽ ഒന്ന് വസന്ത പഞ്ചമി ദിവസമാണ്. അതിനാൽ അന്നേ ദിവസം തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സരസ്വതി പൂജയും വിശേഷാൽ അർച്ചനകളും നടക്കുന്നതാണ്.

വിദ്യയുടെ ദേവതകളായ പ്രഥമഗുരു ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ ആവണംകോട് ക്ഷേത്രത്തിൽ നിത്യേന വിദ്യാരംഭം നടത്താം. വിജയദശമി കഴിഞ്ഞാൽ വിദ്യാരംഭം കുറിക്കാനുള്ള ഒരു ശ്രേഷ്ഠ ദിനം കുടിയാണ് വസന്തപഞ്ചമി. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന നൂറുകണക്കിന് കുട്ടികൾക്ക് വസന്തപഞ്ചമി പ്രമാണിച്ച് വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുടുംബത്തിൽ സർവൈശ്വര്യത്തിനും ദുരിത നിവാരണത്തിനുമായി വസന്ത പഞ്ചമി പൂജയും വ്രതവും അനുഷ്ഠിച്ച് ഭക്തർ  ക്ഷേത്രദർശനം നടത്തി വരുന്നു. പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും ചിലങ്കയും വസന്തപഞ്ചമി ദിനം പുജിക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിലുണ്ട്.

ദർശന സമയം രാവിലെ 5 മുതൽ 11.30 വരെയും വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമാണ്. രാവിലെ 9.30 മുതൽ 11.30 വരെ വിദ്യാരംഭവും ചോറുണും നടത്തുന്നതിനും സൗകര്യമുണ്ട്. തന്ത്രി പ്രതിനിധി, അധ്യാപകർ, പണ്ഡിതർ തുടങ്ങിയവരടങ്ങിയ ആചാര്യൻമാരാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്. സാരസ്വതമന്ത്രം ജപിച്ച ആയുർവേദ നെയ്യ് ക്ഷേത്രത്തിൽ ലഭിക്കും. ഇവിടത്തെ മാത്രം പ്രത്യേകതയായ നാവ്, മണി, നാരായം സമർപണത്തിനും സൗകര്യമുണ്ട്. മഹാസരസ്വതി പൂജയിലും ഭക്തർക്ക് പങ്കെടുക്കാം.

നാലാമത് വസന്ത പഞ്ചമി സംഗീതോത്സവവും ഇതോടൊപ്പം നടക്കും. വൈകിട്ട് 5ന് ഡോ. ജി. ഭുവനേശ്വരി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.

5.45ന് സപ്ത മാണിക്യമംഗലം അവതരിപ്പിക്കുന്ന സംഗീത സദ സ്സ്, 6.15 ന് കളമശേരി വനമാലി ഭജൻസ് അവതരിപ്പിക്കുന്ന ഭജന, 6.45ന് ഇടപ്പള്ളി ഭജേഹം അവതരിപ്പിക്കുന്ന സംഗീതസദസ്, 7.15 ഭാരത്വജ് ഷേണായിയു ടെ വീണക്കച്ചേരി, 7.45ന് ലതികയും ദീപയും അവതരിപ്പിക്കുന്ന സംഗീതസദസ്, 8.00ന് അകപ്പറമ്പ് കലാജ്യോതി നൃത്തക്കളരിയുടെ നൃത്തസന്ധ്യ എന്നിവയും നൃത്താരാധനകളും അരങ്ങേറും.

വിനോദ് നമ്പീശൻ വയലിനിലും സുമേഷ് മേനോൻ മൃദംഗത്തിലും ബിജു മാണിക്യമംഗലം തബലയിലും ജയരാജ് ഘടത്തിലും സംഗീതാരാധനകൾക്ക് അകമ്പടിയാകുമെന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938