02 December, 2024 05:15:31 PM


പറശിനി മടപ്പുരയില്‍ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി



കണ്ണൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പറശിനി മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് കാര്‍മികത്വം വഹിച്ചത്. മുത്തപ്പ സന്നിധിയില്‍ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കിയായിരുന്നു ഉത്സവത്തിന് കൊടിയേറിയത്.

ഇതിന് മുന്നോടിയായി പെരുവണ്ണാന്‍, പെരുന്തട്ടാന്‍, പെരുംകൊല്ലന്‍, വിശ്വകര്‍മ്മന്‍, മൂശാരി എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകള്‍, സ്വര്‍ണ്ണം, വെള്ളിയാഭരണങ്ങള്‍, തിരുവായുധങ്ങള്‍ എന്നിവ സമര്‍പ്പിച്ചു. തുടര്‍ന്ന് പുണ്യാഹവും ഗണപതി ഹോമവും നടത്തി.

തുടര്‍ന്ന് 3 മണി മുതല്‍ മലയിറക്കല്‍ കര്‍മ്മം നടന്നു. 3.30 മുതല്‍ തയ്യില്‍ തറവാട്ടുകാരുടെ പൂര്‍വ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടുകൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കാഴ്ച്ചവരവുകള്‍ മുത്തപ്പ സന്നിധിയില്‍ പ്രവേശിക്കും. സന്ധ്യയോടെയാണ് മുത്തപ്പന്റെ വെള്ളാട്ടം നടക്കുക. തുടര്‍ന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും കുന്നുമ്മല്‍ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. ശേഷം പഞ്ചവാദ്യ സംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ചു മടപ്പുരയില്‍ പ്രവേശിക്കും.

ഡിസംബര്‍ 3 ന് പുലര്‍ച്ചെ 5:30 ന് തിരുവപ്പന ആരംഭിക്കുകയും തുടര്‍ന്ന് രാവിലെ 10 മണിയോടുകൂടി തയ്യില്‍ തറവാട്ടുകാരെയും തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നും വന്ന കാഴ്ച വരവുകാരെയും മുത്തപ്പന്‍ അനുഗ്രഹിച്ചു യാത്രയയക്കുകയും ചെയ്യും. ഡിസംബര്‍ 6ന് കലശാട്ടത്തോടുകൂടിയാണ് മഹോത്സവത്തിന് കൊടിയിറങ്ങുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919