27 September, 2024 01:51:10 PM
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി: ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നീണ്ട് നിൽക്കുന്ന നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 10 വ്യാഴാഴ്ചയാണ് പൂജവെപ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിലാണ് പുസ്തകങ്ങൾ പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബർ 12 നും വിജയദശമി 13 നും ആണ്.
വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും വിദ്യാരംഭം നടന്നു വരുന്നു. വിജയദശമി ദിനത്തിൽ വിദ്യാരംഭം വിശേഷാൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ക്ഷേത്രത്തിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് ക്ഷേത്ര വെബ്സൈറ്റിൽ ലഭ്യമാണ്. ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം ചെയ്യുവാൻ സാധിക്കും. അധ്യാപകരും പണ്ഡിത ശ്രേഷ്ഠരും കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും സംഗീതനൃത്താരാധനകൾ ഉണ്ടായിരിക്കും. 33 -മത് നവരാത്രി ക്ലാസിക്കൽ നൃത്ത - സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പ്രതിനിധി നാരായണ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ഒക്ടോബർ മൂന്നിന് വൈകീട്ട് ഭദ്രദീപം തെളിയിച്ച് നിർവഹിക്കും. തുടർന്ന് ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണാ വാദനത്തോടെ ക്ലാസിക്കൽ നൃത്ത - സംഗീതോത്സവത്തിന് തുടക്കമാകും.
ചൈത്ര വിനയ് കുമാർ പ്രഭുവും അഞ്ജനി സുമേഷ് പ്രഭുവും ചേർന്ന് അവതരിപ്പിക്കുന്ന വീണ കച്ചേരിയും, ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാരും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന പഞ്ചവാദ്യവും, ആദിത്യ സ്കൂൾ ഓഫ് ഡാൻസ് മാണിക്കമംഗലം അവതരിപ്പിക്കുന്ന നവാവരണവും ആദ്യ ദിവസമായ ഒക്ടോബർ മൂന്നിന് വൈകീട്ട് അരങ്ങേറും. 10 ന് വൈകീട്ട് 4.30 ന് മധുരൈ ശിവഗണേഷ് അവതരിപ്പിക്കുന്ന വായ്പ്പാട്ട് കച്ചേരിയും ഒക്ടോബർ 11 ന് രാവിലെ 7.45 ന് തൃപ്പൂണിത്തുറ പത്മ വർമ്മ അവതരിപ്പിക്കുന്ന വീണ കച്ചേരിയും അരങ്ങേറും. ഒക്ടോബർ 12 ന് രാവിലെ 8 മണിക്ക് ചന്ദ്രമന സി എസ് സജീവും ഒക്ടോബർ 13 ന് രാവിലെ 8 മണിക്ക് പ്രീതി സതീഷ് അവതരിപ്പിക്കുന്ന വായ്പ്പാട്ട് കച്ചേരിയും ഉണ്ടായിരിക്കും.
11 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ വിവിധ സംഗീത-നൃത്ത വിദ്യാലയങ്ങളും അൻപതോളം പ്രഫഷണൽ കലാകാരന്മാരും പങ്കെടുക്കും. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. വിദ്യാഭ്യാസ-കലാ മേഖലകളിൽ നിന്നുള്ള പ്രതിഭകളെ അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. ഒക്ടോബർ 13 ന് രാവിലെ നടക്കുന്ന ചടങ്ങിൽ കേന്ദ്രീയ സംസ്കൃത വിദ്യാലയത്തിൽ നിന്നും എം എ സംസ്കൃത വേദാന്തത്തിൽ ഗോൾഡ് മെഡലോടെ യൂണിവേഴ്സിറ്റി ടോപ്പറായ കപ്രശ്ശേരി സ്വദേശി പാർവ്വതി മനോജിനേയും മ്യൂറൽ ചിത്ര രചന രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച യുവ കലാകാരി ആവണംകോട് സ്വദേശി ദേവിക എം ഡി യെയും ആദരിക്കും.
ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പന്തലിന്റെ കാൽനാട്ട് കർമ്മം സെപ്റ്റംബർ 16 ന് പ്രസിദ്ധ കലാകാരനായ അനിൽ കുമാർ നിർവ്വഹിച്ചിരുന്നു. ചടങ്ങിൽ നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ പങ്കെടുത്തു. ക്ഷേത്രത്തിനോട് ചേർന്ന് ഫസ്റ്റ് എയിഡ് സംവിധാനവും എല്ലാ ദിവസവും രാത്രി ഭക്തജനങ്ങൾക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ലക്ഷാർച്ചനയും ദുർഗ്ഗാ പൂജയും, മഹാ സരസ്വതി പൂജയും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച് സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ നെയ്യ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയായ നാവ്-മണി-നാരായം സമർപ്പണം വിശേഷാലായി നവരാത്രി ദിനങ്ങളിൽ ചെയ്യുവാൻ സാധിക്കും. വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. മലർപ്പറ, വിദ്യാവാഗീശ്വരി പൂജ തുടങ്ങിയ പ്രധാന വഴിപാടുകൾ ഈ ദിവസങ്ങളിൽ കഴിക്കുവാൻ സാധിക്കും.
ക്ലാസിക്കൽ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 4 ന് വൈകീട്ട് ഇരിങ്ങോൾ കലാക്ഷേത്ര ജിജയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത പരിപാടി അരങ്ങേറും. ഒക്ടോബർ 5 ന് മേക്കാട് ശ്രീനന്ദ സ്കൂൾ ഓഫ് ആർട്സും, ഒക്ടോബർ 6 ന് നെടുമ്പാശ്ശേരി ശിവശങ്കരി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസും, തുടർന്ന് ആവണംകോട് ഐശ്വര്യാസ് നാട്യകലാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത പരിപാടിയും ഉണ്ടാകും. ഒക്ടോബർ 7 ന് പെരുമ്പാവൂർ നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസും, ഒക്ടോബർ 8 ന് കപ്രശ്ശേരി ശ്രീവേദ്യ സ്കൂൾ ഓഫ് ഡാൻസും തുടർന്ന് ആവണംകോട് ഡി പ്രോട്ടോക്കോളിന്റെ 'നരസിംഹം' എന്ന നൃത്ത-നാടക അവതരണവും അരങ്ങേറും. ഒക്ടോബർ 9 ന് പൊയ്ക്കാട്ടുശ്ശേരി തപസ്യ സ്കൂൾ ഓഫ് ആർട്സും, ഒക്ടോബർ 10 ന് നായത്തോട് കലാമണ്ഡലം ശിശിരയുടെയും, ഒക്ടോബർ 11 ന് ഓം സ്വരലയ സ്കൂൾ ഓഫ് ആർട്സും, ഏലൂർ നോർത്ത് സരസ്വതി നൃത്ത വിദ്യാലയവും, കരയാംപറപമ്പ് മെലഡീസ് മ്യൂസിക്ക് ആന്റ് ഡാൻസ് അക്കാദമിയും അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ അരങ്ങേറും. ഒക്ടോബർ 12 ന് കൂവപ്പടി നൃത്താഞ്ജലി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് & മ്യൂസിക്കും, ആലുവ നൂപരധ്വനി നൃത്തവിദ്യാലയവും, മാണിക്കമംഗലം ആദിത്യ സ്കൂൾ ഓഫ് ഡാൻസ് ആൻറ് മ്യൂസിക്കും അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ അരങ്ങേറും. ഒക്ടോബർ 13 ന് മാമ്പ്ര നടന ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉണ്ടാകും. വൈകീട്ട് പഞ്ചരത്നകീർത്തനത്തോടെ ക്ലാസിക്കൽ നൃത്ത-സംഗീതോത്സവത്തിന് തിരശീല വീഴും.
കേരള ക്ഷേത്ര സേവാ ട്രസ്റ്റിനുള്ള കീഴിലുള്ള ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെ സംബന്ധിച്ച് കേരള ക്ഷേത്ര സേവാ ട്രസ്റ്റ് ചെയർമാൻ
എം പി നാരായണൻ മൂത്തമനയും ജനറൽ സെക്രട്ടറി പി ശശി കുമാറും, നവരാത്രി ആഘോഷം ജനറൽ കൺവീനർ കെ പി മനോജ് കുമാറും വിശദീകരിച്ചു.