02 October, 2024 10:54:51 AM
നീലംപേരൂർ പൂരം പടയണിക്ക് ആവേശകരമായ സമാപനം
നീലംപേരൂർ: നീലംപേരൂർ പൂരം പടയണിക്ക് ആവേശകരമായ സമാപനം. അവിട്ടം നാളില്‍ ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണി ചടങ്ങുകള്‍ പൂരം പടയണിയില്‍ വലിയന്നങ്ങളും, ചെറിയന്നങ്ങളും, മറ്റു കോലങ്ങളും പടയണി കളത്തില്‍ എത്തിയതിന് ശേഷം സിംഹം എഴുന്നള്ളിയതോടെ ഈ വർഷത്തെ പടയണി ചടങ്ങുകള്‍ക്ക് സമാപനമായി.
കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനൻ ഗന്ധമാതനഗിരി പർവ്വത താഴ്ചയില്‍ മാനസസരോവരത്തില്‍ എത്തുമ്ബോള്‍ കാണുന്ന കാഴ്ചയാണ് പൂരം പടയണിയായി ആവിഷ്‌കരിച്ചത്. പ്രകൃതിയിലെ അഞ്ചുവർണങ്ങള്‍ കൊണ്ടാണ് അന്നങ്ങളെ ഒരുക്കുന്നത്. ചൂട്ടു വെളിച്ചത്തില്‍ ചെത്തിപ്പൂവും വാഴപ്പോളയും താമരയിലയും ചേർത്താണ് കാഴ്ചയുടെ വിസ്മയം പൂരരാവില്‍ ഭക്തർ തീർത്തത്. രാവിലെ ആറിന് നിറപണികള്‍ ആരംഭിച്ചു. ഒന്നിന് മഹാപ്രസാദമൂട്ട്, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാ മുറിയ്ക്കല്‍, പത്തിന് കുടംപൂജകളി, പത്തരയ്ക്ക് തോത്താകളി, പതിനൊന്നു മുതല്‍ പുത്തൻഅന്നങ്ങളുടെ തിരുനട സമർപ്പണം എന്നിവയും നടന്നു.
ചേരമാൻ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നെള്ളിയത്. ഇതോടൊപ്പം ദേവിയുടെ തിരുനടയില്‍ രണ്ട് ചെറിയ അന്നങ്ങളും ഭക്തർ 75 ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവെച്ചു. ഇതോടൊപ്പം, ശ്രീനാരായണ ഗുരുദേവൻ, പൊയ്യാന, സിംഹം, ഭീമസേനൻ, നാഗയക്ഷി, രാവണൻ, ഹനുമാൻ, റോക്കറ്റേന്തിയ പി.വി സിന്ധു എന്നീ കോലങ്ങളും വല്യന്നങ്ങള്‍ക്കൊപ്പം പടയണി കളത്തില്‍ എഴുന്നെള്ളി. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെയാണ് ഭക്തരുടെ നേർച്ചയായി ദേവിക്ക് സമർപ്പിച്ചത്. വല്യന്നം വന്നട തെയ്ത്തക തിന്തകം എന്ന താളത്തില്‍ ആല്‍ത്തറയില്‍ നിന്ന് ചൂട്ടുകറ്റകളുടെ പ്രഭയിലാണ് അന്നങ്ങള്‍ ദേവി തിരുനടയിലേക്ക് എഴുന്നള്ളിയത്.